മെഡിക്കൽ–നഴ്സിങ് വിദ്യാർഥികൾക്ക് ക്ലിനിക്കൽ പരിശീലനം; പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ

AI Image
ദുബായ്: മെഡിക്കൽ–നഴ്സിങ് വിദ്യാർഥികളുടെ ക്ലിനിക്കൽ പരിശീലനം ഏകീകരിക്കാനും ഗുണമേന്മ ഉയർത്താനുമായി പുതിയ ദേശീയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ഉന്നതവിദ്യാഭ്യാസ, -ശാസ്ത്രീയ ഗവേഷണ മന്ത്രാലയം അംഗീകരിച്ച ക്ലിനിക്കൽ പരിശീലന മാർഗനിർദേശങ്ങളുടെ ലക്ഷ്യം സർവകലാശാലകളും ആരോഗ്യസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ്.
അക്കാദമിക് പഠനവും തൊഴിൽ വിപണിയുടെ ആവശ്യകതകളും തമ്മിൽ ബന്ധിപ്പിക്കുന്ന ഏകീകൃത ദേശീയ ചട്ടക്കൂടാണ് പുതിയ മാർഗനിർദേശങ്ങൾ. ഇതിലൂടെ തൊഴിൽസന്നദ്ധതയുള്ള, പ്രാവീണ്യമുള്ള ആരോഗ്യപ്രവർത്തകരെ വളർത്തിയെടുക്കാനാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ വിദ്യാഭ്യാസം ശക്തിപ്പെടുത്താനും അക്കാദമിക്–പ്രായോഗിക പരിശീലന സംയോജനത്തിനും നടപടി സഹായകരമാകുമെന്ന് ഉന്നതവിദ്യാഭ്യാസ, -ശാസ്ത്രീയ ഗവേഷണ നിയന്ത്രണ, ഭരണവിഭാഗം ആക്ടിങ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഇബ്രാഹിം ഫിക്രി പറഞ്ഞു. ഭാവിയിലെ ആരോഗ്യ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന സമഗ്ര വിദ്യാഭ്യാസ–ആരോഗ്യ സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യപ്രവർത്തകരുടെ വികസനത്തിനുള്ള ശക്തമായ ദേശീയ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിൽ മാർഗനിർദേശം നിർണായകമാകുമെന്ന് ആരോഗ്യ- പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ റാൻഡ് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടങ്ങളിൽ തൊഴിൽസന്നദ്ധത ഉറപ്പാക്കാനും രോഗികളുടെ സുരക്ഷ, പ്രൊഫഷണൽ ഉത്തരവാദിത്വം, കഴിവ് എന്നിവയെ ആധാരമാക്കിയ പരിശീലനം സാധ്യമാക്കാനുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളും ആശുപത്രികളും തമ്മിലുള്ള ശക്തമായ സഹകരണം ദീർഘകാല ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കാൻ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ് പുതിയ മാർഗനിർദേശങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും പ്രായോഗിക പരിശീലനത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിൽ തീരുമാനം നിർണായക ചുവടുവയ്‌പ്പാകുമെന്ന് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹൂഖാനി പറഞ്ഞു. ഏകീകൃത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ഘടിത പരിശീലനം വിദ്യാർഥികളുടെ പ്രൊഫഷണൽ തയ്യാറെടുപ്പ് വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ യോഗ്യതാ ചട്ടക്കൂടിന് കീഴിലുള്ള, ക്ലിനിക്കൽ പരിശീലനം ആവശ്യമായ എല്ലാ ബിരുദ ആരോഗ്യ കോഴ്സുകൾക്കും പുതിയ ചട്ടങ്ങൾ ബാധകമാണ്. അതേസമയം, ബിരുദാനന്തര ബിരുദ ഇന്റേൺഷിപ്പുകളും റസിഡൻസികളും ഒഴിവാക്കിയിട്ടുണ്ട്.










0 comments