ad
Deshabhimani

വെടിനിർത്തലെന്ന്‌ ട്രംപിന്റെ പ്രഖ്യാപനം; സ്വാഗതം ചെയ്‌ത്‌ ഗൾഫ്‌ രാജ്യങ്ങൾ

GULF IRAN
വെബ് ഡെസ്ക്

Published on Apr 09, 2026, 09:03 AM | 1 min read

കുവൈത്ത് സിറ്റി/മസ്‌കത്ത്‌ : അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതായുള്ള യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത്‌ ഗൾഫ്‌ രാജ്യങ്ങൾ. ധാരണ സാധ്യമാക്കാൻ ഇടയായ നയതന്ത്ര ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി കുവൈത്ത്‌ വിദേശമന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കുന്നതിൽ പാകിസ്ഥാന്റെ പങ്ക് നിർണായകമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ മാധ്യസ്ഥ്യ ശ്രമങ്ങൾക്കും കുവൈത്ത് പൂർണ പിന്തുണയും അറിയിച്ചു.


വെടിനിർത്തൽ ധാരണ മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്ന ദീർഘകാല സമാധാനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയും കുവൈത്ത്‌ പ്രകടിപ്പിച്ചു. ധാരണയുടെ പൂർണമായ നടപ്പാക്കൽ സമാധാനം ഉറപ്പാക്കാനും തുടർ ചർച്ചകൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനും നിർണായകമാണെന്നും വ്യക്തമാക്കി. അതേസമയം, ഇറാനും അതിന്റെ അനുബന്ധ സായുധ വിഭാഗങ്ങളും ആക്രമണങ്ങൾ നിർത്തിവയ്ക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള സമുദ്ര ഗതാഗത മാർഗങ്ങളിൽ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഓർമിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമുദ്രനിയമങ്ങളനുസരിച്ചുള്ള ബാധ്യതകൾ പാലിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.


പശ്ചിമേഷ്യയിലെ നിലവിലെ അരക്ഷിതാവസ്ഥ അവസാനിപ്പിക്കാനുള്ള ശാശ്വത പരിഹാരത്തിനായി എല്ലാവരും ഒരേമനസ്സോടെ ഇടപെടണമെന്ന്‌ ഒമാൻ വ്യക്തമാക്കി. വിഷയത്തിൽ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങളെയും മേഖലയിലെ സംഘർഷ സാഹചര്യം അവസാനിപ്പിക്കാൻ പരിശ്രമിക്കുന്ന കക്ഷികളെയും അഭിവാദ്യം ചെയ്യുന്നതായും ഒമാൻ വിദേശമന്ത്രാലയം അറിയിച്ചു.


വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ മന്ത്രിസഭ അഭിനന്ദിച്ചു. ഈ ഉടമ്പടി സാധ്യമാക്കാനായി പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തിയ മാധ്യസ്ഥ്യ ശ്രമങ്ങളെയും നയതന്ത്ര ഇടപെടലുകളെയും മന്ത്രസഭാ യോഗം പ്രശംസിച്ചതായി നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മൊഹന്നദി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home