2030ഓടെ യാത്രാസമയം 16 മിനിറ്റാകും; അൽ ഖലീജ് ടണൽ 80% പൂർത്തിയായി

ദുബായ് : ദുബായിലെ പ്രധാന റോഡ് വികസന പദ്ധതികളിലൊന്നായ അൽ ഖലീജ് തെരുവ് ടണൽ പദ്ധതിയുടെ 80 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതായി ആർടിഎ. 2030ഓടെ നിലവിലെ 104 മിനിറ്റ് യാത്രാസമയം 16 മിനിറ്റായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. ദെയ്റ ഇൻഫിനിറ്റി ബ്രിഡ്ജ് റാംപിന്റെ അവസാന ഭാഗംമുതൽ അൽ ഖലീജ് തെരുവും അൽ വുഹൈദ തെരുവും സംഗമിക്കുന്ന ജങ്‌ഷൻവരെ 1650 മീറ്റർ ദൂരത്തിലാണ് ടണൽ. പദ്ധതി പൂർത്തിയാകുന്നതോടെ ഏകദേശം 10 ലക്ഷം ആളുകൾക്ക് ഗതാഗത സൗകര്യം ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.
രണ്ടു ദിശകളിലുമായി മൂന്നുവീതം പാതകളുള്ള ടണലിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾവരെ കടന്നുപോകാനാകും. 15 പ്രധാന ജങ്‌ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗമാണ്. ദുബായ് ഐലൻഡ് വാട്ടർ ഫ്രണ്ട് മാർക്കറ്റ് ദുബായ് മാരിടൈം സിറ്റി പോർട്ട് റഷീദ് തുടങ്ങിയ പ്രധാന മേഖലകളിലേക്കുള്ള ഗതാഗത സൗകര്യവും ഇതിലൂടെ മെച്ചപ്പെടും. അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് അൽ ഖലീജ് ടണൽ പദ്ധതി നടപ്പാക്കുന്നത്. വർധിച്ചുവരുന്ന ജനസംഖ്യക്കും നഗരവികസനത്തിനും അനുസൃതമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ഈ വർഷം നാലാം പാദത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനായി 14 സംഘം 24 മണിക്കൂറും ഖനന സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. നാല് പ്രത്യേക സംഘങ്ങൾ ടണൽ ഖനന ജോലികൾ തുടരുന്നുണ്ട്. പ്രതിദിനം 5000 മുതൽ 6000 ഘനമീറ്റർവരെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി അടുത്ത ഘട്ടത്തിൽ 8500 ഘനമീറ്ററായി ഉയർത്താനാണ് പദ്ധതി. പദ്ധതി ആരംഭിച്ചശേഷം ഇതുവരെ 80 ലക്ഷം തൊഴിൽ മണിക്കൂറുകൾ പിന്നിട്ടിട്ടും അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 1591 എൻജിനിയർമാരും സാങ്കേതിക വിദഗ്ധരും തൊഴിലാളികളും 221 യന്ത്രോപകരണങ്ങളും നിർമാണ രംഗത്ത് പ്രവർത്തിക്കുന്നതായും ആർടിഎ അറിയിച്ചു.
എമിറാത്തി കലാകാരി മറിയം ഹബ്ത്തൂർ രൂപകൽപ്പന ചെയ്യുന്ന പ്രത്യേക മൊസൈക് ചിത്രങ്ങളും ടണലിന്റെ ഉൾഭാഗത്ത് ഒരുക്കും. ദുബായുടെ സ്‌കൈലൈൻ ചിത്രീകരിക്കുന്ന കറൻസി നോട്ടുകളിലെ കലാരൂപങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഡിസൈൻ.










0 comments