ദുബായിൽ 10 സ്കൂൾ മേഖലയിൽ ഗതാഗത സുരക്ഷ വർധിപ്പിച്ചു

ദുബായ് : ദുബായ് നഗരത്തിലെ 10 സ്‌കൂൾ മേഖലയിൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ അടിസ്ഥാന സൗകര്യം നവീകരിച്ചതായി ആർടിഎ. 27 സ്‌കൂളുകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയത്. അൽ വർഖ 1, 3, 4, അൽ സഫ 1, അൽ ബർഷ 1, അൽ ഗർഹൂദ്, അൽ മിസ്ഹാർ 1, 4, അൽ ഖിസൈസ്, അൽ ബർഷ സൗത്ത് എന്നിവിടങ്ങളിലാണ് വേനൽക്കാല അവധിക്കാലത്ത് നവീകരണങ്ങൾ പൂർത്തിയാക്കിയത്.
വീതിയേറിയ റോഡുകൾ, പുതിയ പ്രവേശന കവാടങ്ങൾ, പുറത്തുകടക്കാനുള്ള വഴികൾ, അധിക പാർക്കിങ് സൗകര്യങ്ങൾ, സിഗ്നൽ സംവിധാനം, ഗതാഗത ശാന്തമാക്കൽ നടപടികൾ, കാൽനടക്കാർക്കുള്ള സുരക്ഷാസംവിധാനങ്ങൾ തുടങ്ങി നിരവധി മാറ്റങ്ങളാണ് നടപ്പാക്കിയത്. ഇതിനകംതന്നെ ചില മേഖലകളിൽ ഗതാഗത ഒഴുക്ക് 40 ശതമാനംവരെ മെച്ചപ്പെട്ടതായും പാർക്കിങ്‌ശേഷി 90 ശതമാനം വർധിച്ചതായും ആർടിഎ വ്യക്തമാക്കി.
ദുബായുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് അനുസൃതമായി സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത സൗകര്യം ഒരുക്കാനുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഇത്തരം പദ്ധതികളിലൂടെ തെളിയുന്നതെന്ന് അധികാരികൾ അറിയിച്ചു. ഉമ്മുൽ ഷീഫ്, അൽ വർഖ, അൽ ബർഷ 1, അൽ ബർഷ സൗത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ദുബായ് പൊലീസുമായി ചേർന്ന് സമഗ്രമായ ഗതാഗത മാനേജ്മെന്റ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി രക്ഷിതാക്കളും ബസ് ഡ്രൈവർമാരും സുരക്ഷാ നിയമങ്ങൾ പാലിക്കണൺ. സ്കൂളുകൾ ചുറ്റുമുള്ള നിയുക്ത ഡ്രോപ്പ് -ഓഫ് മേഖലകൾ മാത്രം ഉപയോഗിക്കണമെന്നും ആർടിഎ മുന്നറിയിപ്പ് നൽകി.









0 comments