പുന്നപ്ര – വയലാർ വാരാചരണത്തിന് തുടക്കം
രണസ്മാരകങ്ങളിൽ ചെങ്കൊടി ഉയർന്നു

ആലപ്പുഴ
ഇന്ത്യൻ സമരചരിത്രത്താളുകളിലെ ജ്വലിക്കുന്ന അധ്യായമായ പുന്നപ്ര– വയലാർ വീരേതിഹാസത്തിന്റെ 80-–ാം വാർഷികവാരാചരണത്തിന് ഉജ്വല തുടക്കം. ദിവാൻഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെയും പ്രായപൂർത്തി വോട്ടവകാശം, ജനാധിപത്യം എന്നിവയ്ക്കുവേണ്ടിയും ചോരചിന്തി ജീവൻ വെടിഞ്ഞ രണധീരരുടെ സ്മൃതികുടീരങ്ങളിൽ രക്തപതാക ഉയർന്നു. സമരേതിഹാസത്തിന്റെ സ്മരണകളുയർത്തി 27വരെ വിവിധ പരിപാടികൾ നടക്കും. സിപിഐ എം, സിപിഐ നേതൃത്വത്തിലുള്ള വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികൾ. സിപിഐ എം സമുന്നത നേതാവ് സി എച്ച് കണാരൻ അനുസ്മരണദിനവും ചൊവ്വാഴ്ച ആചരിച്ചു. ബുധനാഴ്ച വയലാർ, മേനാശേരി എന്നിവിടങ്ങളിലും ചെങ്കൊടി ഉയർന്നു. ചൊവ്വ രാവിലെ തൊഴിലിടങ്ങളിലും വിവിധകേന്ദ്രങ്ങളിലും രാവിലെ പതാക ഉയർത്തിയതോടെയാണ് വാരാചരണത്തിന് തുടക്കമായത്. പുന്നപ്ര – വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമംകൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വിപ്ലവഗായിക പി കെ മേദിനിയും പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ വാരാചരണകമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പതാകയുയർത്തി. വയലാറിൽ ഉയർത്താനുള്ള പതാകയുമായുള്ള ജാഥ ചൊവ്വാഴ്ച മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രയാണം ആരംഭിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു പതാക സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം കെ ഉത്തമന് കൈമാറി. ബുധൻ പകൽ 11ന് വയലാറിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും മേനാശേരിയിൽ വൈകിട്ട് ആറിന് എൻ ജി രാജനും പതാകയുയർത്തി. പുന്നപ്ര ദിനമായ 23ന് വൈകിട്ട് ആറിന് സമരഭൂമിയിൽ ചേരുന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ ഉദ്ഘാടനംചെയ്യും.









0 comments