നിർമാണത്തിലെ അപാകം
ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വാഹനമിടിച്ചത് 14–ാംതവണ

മേൽക്കൂര റോഡിലേക്ക് തള്ളിനിൽക്കുന്നതിനാൽ കുസാറ്റ് ജങ്‌ഷനിലെ കാത്തിരിപ്പുകേന്ദ്രത്തിൽനിന്ന് മാറി സ്വകാര്യബസ് നടുറോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നു
കാക്കനാട്
ഇടപ്പള്ളി ടോൾ–പുക്കാട്ടുപടി റോഡിൽ കുസാറ്റ് ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം നിർമാണത്തിലെ അപാകംമൂലം വാഹനങ്ങൾ ഇടിച്ചുതകർക്കുന്നത് പതിവാകുന്നു. പതിനാലു തവണയാണ് ബസ് ഷെഡ് വാഹനങ്ങൾ ഇടിച്ചുതകർത്തത്. അപകടങ്ങൾ ആവർത്തിച്ചിട്ടും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്തത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.
വീതികുറഞ്ഞ റോഡരികിൽ നിർമിച്ചിരിക്കുന്ന കാത്തിരിപ്പുകേന്ദ്രത്തിന്റെ മേൽക്കൂരയുടെ മുൻഭാഗം റോഡിലേക്ക് തള്ളിനിൽക്കുന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. റോഡിന്റെ വീതിയും വാഹനങ്ങളുടെ സഞ്ചാരപാതയും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്യേണ്ട കാത്തിരിപ്പുകേന്ദ്രം, വാഹനഗതാഗതത്തിന് തടസ്സമാകുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്.
ഷെഡിനോട് ചേർത്ത് ബസ് നിർത്താൻ കഴിയാത്തതിനാൽ റോഡിന്റെ നടുവിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇത് പിന്നാലെയെത്തുന്ന വാഹനങ്ങളെ തടസ്സപ്പെടുത്തുകയും ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും ഇടയാക്കുകയും ചെയ്യുന്നു.
ബസ് സ്റ്റോപ്പിന് തൊട്ടുമുന്നിലെ യു-ടേണും അപകടസാധ്യത വർധിപ്പിക്കുന്നു. യു-ടേൺ തിരിഞ്ഞെത്തുന്ന വാഹനങ്ങളും വള്ളത്തോൾ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങളും ഇടതുവശം ചേർന്ന് സഞ്ചരിക്കുമ്പോൾ ഷെഡിൽ ഇടിച്ചുകയറാനുള്ള സാധ്യത ഏറെയാണ്. രാത്രികളിലാണ് ഇത്തരം അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നത്. അപകടമുണ്ടാക്കിയശേഷം നിർത്താതെപോകുന്ന വാഹനങ്ങളും ഉണ്ട്.
ആവർത്തിക്കുന്ന അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്തി നിർമാണത്തിലെ അപാകം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.









0 comments