ad
Deshabhimani

ഇന്ത്യൻ സ്കൂളുകളിലെ പാഠപുസ്‌തക വില വർധന; വീണ്ടും പ്രതിഷേധവുമായി രക്ഷിതാക്കൾ

muscat indian school
വെബ് ഡെസ്ക്

Published on Apr 05, 2026, 01:27 PM | 1 min read

മസ്‌കത്ത്‌ : ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പാഠപുസ്‌തക വില അമിതമായി വർധിപ്പിച്ചതിനെതിരെ വീണ്ടും പ്രതിഷേധവുമായി രക്ഷിതാക്കളുടെ സംഘം. പുസ്‌തക വിലയിൽ ഇരട്ടിയിലധികം വർധനയാണ് വരുത്തിയത്‌. നിർമിത ബുദ്ധി (എഐ) പാഠപുസ്‌തകത്തിന് ഭീമമായ വിലയാണ് വിദ്യാർഥികളിൽനിന്ന്‌ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും രക്ഷിതാക്കൾ പറഞ്ഞു. വിലവർധന അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്‌ രക്ഷിതാക്കൾ നിവേദനം നൽകി. പുസ്‌തകങ്ങൾ വാങ്ങാനുള്ള പർച്ചേഴ്‌സ്‌ മാനുവൽ പാലിച്ചാണോ പുതിയ പുസ്‌തകങ്ങൾ വാങ്ങിയിരിക്കുന്നതെന്ന്‌ വ്യക്തമാക്കാനായി വിഷയത്തിൽ അന്വേഷണം നടത്തണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.


സ്കൂൾ ഫീസിൽ പ്രതിമാസം രണ്ടു റിയാലിന്റെ വർധന സ്കൂൾ മാനേജ്മെന്റ് അടുത്തിടെ നടപ്പാക്കിയിരുന്നു. ഇത് കൂടാതെയാണ് പാഠപുസ്‌തക വിലയിലുള്ള ഭീമമായ വർധന. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ തൊഴിൽപരമായ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന പ്രവാസികളായ രക്ഷിതാക്കൾക്ക് ഇരുട്ടടിയായാണ് പാഠപുസ്‌തക വില വർധന. ഫീസ് വർധന അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്‌ രക്ഷിതാക്കളുടെ നേതൃത്വത്തിൽ പരാതി നൽകിയെങ്കിലും സ്കൂൾ അധികൃതർ മറുപടി നൽകാൻ തയ്യാറായിരുന്നില്ല. ചർച്ചകളൊന്നുമില്ലാതെ വേനലവധി വെട്ടിക്കുറച്ചതിലും വിദ്യാർഥികളുടെ സുരക്ഷിത യാത്രാ സംവിധാനത്തിൽനിന്ന്‌ പിന്മാറാനുള്ള മാനേജ്മെന്റ്‌ തീരുമാനത്തിനെതിരെയും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. പിന്നീട്‌ പ്രതിഷേധത്തെ തുടർന്ന്‌ യാത്രാ സംവിധാനം പുനഃസ്ഥാപിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.


വിദ്യാർഥികളെയും രക്ഷിതാക്കളെയും ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങൾ സ്കൂൾ ഡയറക്ടർ ബോർഡിൽനിന്നും സ്കൂൾ അക്കാദമിക് ഭരണ വിഭാഗത്തിൽനിന്നും തുടർച്ചയായി ഉണ്ടാകുന്നതായി രക്ഷിതാക്കളുടെ സംഘം പറഞ്ഞു. ഇത്തരം തീരുമാങ്ങളിൽനിന്നും അധികൃതർ പിന്തിരിയണം. ഫീസ് വർധനയും പാഠപുസ്തകവിലയിൽ വരുത്തിയ ഭീമമായ വർധനയും ഉടൻ പിൻവലിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. അനു ചന്ദ്രൻ, കെ വി വിജയൻ, ദിനേശ് ബാബു, ഷിൽജ നിഷാന്ത്, അഭിലാഷ് എന്നിവർ രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home