Deshabhimani

ഇനി വാട്‌സ്ആപ്പിൽ വായ്പാ സേവനവും; ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കാൻ കമ്പനി

Whatsapp

Image Credit : REUTERS

വെബ് ഡെസ്ക്

Published on Nov 11, 2026, 03:03 PM | 1 min read

ന്യൂഡൽഹി : മെസേജുകൾ കൈമാറാനുള്ള ഒരു ആപ്പ് എന്നതിലുപരി വാട്സ്ആപ്പിനെ ഉപയോ​ക്താക്കൾക്ക് ഉപകാരപ്രദമാകും വിധമുള്ള ഒരു വിശാല ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി മാറ്റാൻ പുതിയ നീക്കം. ബിൽ അടയ്ക്കൽ, വായ്പ ലഭ്യമാക്കൽ, യാത്രയ്ക്കിടെ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കൽ തുടങ്ങിയ നിരവധി സേവനങ്ങൾ ആപ്പിൽത്തന്നെ എളുപ്പത്തിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ധനകാര്യ സേവന കമ്പനികളുമായും ടെലികോം സേവനദാതാക്കളുമായും സഹകരിക്കുമെന്ന് വാട്‌സ്ആപ്പ് മേധാവി കുനാൽ ഷാ വ്യക്തമാക്കി. ചൊവ്വാഴ്ച എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് വാട്‌സ്ആപ്പിന്റെ ഭാവി വികസന പദ്ധതികൾ അദ്ദേഹം വിശദീകരിച്ചത്.


പുതിയ മാറ്റങ്ങൾ വരുന്നതോടെ വാട്സ്ആപ്പ് വഴി ബില്ലുകൾ അടയ്ക്കാം, വായ്പയെടുക്കാം എന്നിങ്ങനെ നിരവധി സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകും. എന്നാൽ ഏതൊക്കെ സ്ഥാപനങ്ങളുമായാണ് ഇതിനായി പങ്കാളികളാകുന്നതെന്നും പുതിയ സേവനങ്ങൾ എപ്പോൾ ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.


ഇന്ത്യയിൽ വാട്‌സ്ആപ്പ് ഇതിനകം തന്നെ സാമ്പത്തിക സേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഭാരത് കണക്ട് ശൃംഖലയിലൂടെ വൈദ്യുതി, വെള്ളം, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, വായ്പാ തിരിച്ചടവ് തുടങ്ങിയ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം നിലവിലുണ്ട്. കൂടാതെ, യുപിഐ ഇടപാടുകൾക്കും മൊബൈൽ റീചാർജ് സേവനവും വാട്‌സ്ആപ്പിലുണ്ട്.


എഐ സഹായത്തോടെ ബുക്കിങ്ങും റിമൈൻഡറും ഉപയോഗിച്ച് ആപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമുണ്ട്. ഉപയോക്താവിന് ആവശ്യമായ വിവരങ്ങൾ കണ്ടെത്താനും വിവിധ ജോലികൾ പൂർത്തിയാക്കാനും ബുക്കിങ്ങുകളും അപ്പോയിന്റ്‌മെന്റുകളും മറന്നുപോകാതിരിക്കാനും എഐയുടെ സഹായത്തോടെയുള്ള സംവിധാനങ്ങളാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.


വോയ്‌സ് നോട്ടുകൾ, ഗ്രൂപ്പുകൾ, സ്റ്റിക്കറുകൾ, വീഡിയോ തുടങ്ങിയ വാട്സ്ആപ്പ് സംവിധാനങ്ങൾ കൂടുതൽ ലളിതവും ആകർഷകവുമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ദിവസവും നൂറുകോടിയലധികം വോയ്‌സ് സന്ദേശങ്ങളും 400 കോടിയിലധികം സ്റ്റിക്കറുകളും വാട്‌സ്ആപ്പിലൂടെ കൈമാറുന്നുണ്ടെന്നാണ് കുനാൽ ഷാ വ്യക്തമാക്കിയത്. പുതിയ ഏത് സേവനങ്ങൾ അവതരിപ്പിക്കുമ്പോഴും സ്വകാര്യതയ്ക്ക് പ്രാധാന്യം ഉറപ്പുനൽകുമെന്ന് കുനാൽ ഷാ വ്യക്തമാക്കി. വ്യക്തിഗത സന്ദേശങ്ങളും കോളുകളും എൻഡ് ടു എൻഡ് എൻക്രിപ്ഷനിലൂടെ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home