പാസ്‌പോർട്ട് സേവന കരാർ: കേന്ദ്ര സർക്കാർ ഹർജി സുപ്രീംകോടതി തള്ളി

ദുബായ്/ കുവൈത്ത് സിറ്റി: നാല് വിദേശ രാജ്യങ്ങളിലെ കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കുവൈത്ത്, യുഎഇ, സിംഗപ്പുർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട ടെൻഡറുകൾ റദ്ദാക്കിയ വിധി സുപ്രീംകോടതി ശരിവച്ചു. സേവനങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ ഇടക്കാല ക്രമീകരണം തുടരാനും അനുമതി നൽകി. പുതിയ ടെൻഡർ നടപടി പൂർത്തിയാകുംവരെ നിലവിലെ സേവനദാതാക്കളെയോ, നേരത്തെ പരിഗണിച്ച കുറഞ്ഞ നിരക്കിലുള്ള ലേലക്കാരെയോ താൽക്കാലികമായി ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡൽഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. മൂന്നുമാസത്തിനകം പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കാനും കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ടെൻഡർ വിലയിരുത്തൽ ഓരോ കമ്പനിയുടെ വ്യക്തിഗത യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും ഹൈക്കോടതി വിധി തെറ്റാണെന്നും കേന്ദ്ര സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ, ടെൻഡർ വ്യവസ്ഥകളുടെ വ്യാഖ്യാനത്തിലുണ്ടായ പിഴവാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതെന്നും അതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ടെൻഡർ നടപടികളിലെ സാങ്കേതിക വിലയിരുത്തലിൽ വ്യക്തതക്കുറവും സുതാര്യതയുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് ജൂലൈ 15ന് ഡൽഹി ഹൈക്കോടതി നടപടി റദ്ദാക്കിയത്. വിവിധ ഇന്ത്യൻ മിഷനുകളിൽ സമർപ്പിച്ച സമാനമായ അപേക്ഷകൾക്ക് വ്യത്യസ-്‌ത മാർക്ക് നൽകിയതിൽ വ്യക്തമായ മാനദണ്ഡമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ടെൻഡർ നടപടികൾ ആരംഭിച്ചശേഷം അതിലെ വ്യവസ്ഥകൾ മാറ്റുന്നത് നിയമപരമായി അനുവദനീയമല്ലെന്ന സുപ്രീം കോടതി നിലപാടും ഹൈക്കോടതി വിധിയിൽ പ്രതിഫലിച്ചിരുന്നുവെന്ന് ബെഞ്ച് വ്യക്തമാക്കി.
കുവൈത്തിൽ ഡ്യൂഡിജിറ്റൽ ഗ്ലോബലും യുഎഇയിൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസുമാണ് സേവനങ്ങൾ നൽകാൻ കരാർ നേടിയിരുന്നത്. ടെൻഡർ വിലയിരുത്തൽ നടപടിയിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പരാജയപ്പെട്ട കമ്പനികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സാങ്കേതിക വിലയിരുത്തൽ ഏകപക്ഷീയവും സുതാര്യതയില്ലാത്തതുമാണെന്ന് കണ്ടെത്തിയ ഹൈക്കോടതി പുതിയ ടെൻഡർ ക്ഷണിക്കാൻ നിർദേശം നൽകുകയായിരുന്നു. നിയമനടപടികൾ തുടരുന്നതിനാൽ അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സ്വന്തം സംവിധാനങ്ങളിലൂടെയാണ് നിലവിൽ പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ നൽകുന്നത്.










0 comments