മലയാളം മിഷൻ: സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു

സുഗതാഞ്ജലി കാവ്യാലാപന മത്സര വിജയികളും സംഘാടകരും
മസ്‌ക്കത്ത്: മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ ഭാഗമായ മസ്കത്ത് മേഖല സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. മസ്ക്കത്തിലെ റൂവി പഠനകേന്ദ്രത്തിലാണ് മത്സരങ്ങൾ നടന്നത്. മലയാളം മിഷൻ ഭരണസമിതി അംഗമായിരുന്ന സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം മലയാളം മിഷൻ വാർഷികമായി നടത്തി വരുന്ന മത്സരമാണ് സുഗതാഞ്ജലി. ഇത്തവണ സുഗതാഞ്ജലിയിൽ ഒ എൻ വി കവിതകളാണ് വിദ്യാർത്ഥികൾ ചൊല്ലിയത്.
സബ് ജൂനിയർ വിഭാഗത്തിൽ ശിവന്യ, ധ്യാന, ആരാധ്യ എന്നിവരും ജൂനിയർ വിഭാഗത്തിൽ സചേത്, ആലാപ്, ആദിൽ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രക്ഷിതാക്കൾക്കായി ഓപ്പൺ വിഭാഗത്തിൽ നടത്തിയ മത്സരത്തിൽ അഞ്ജലി, ശ്രീജ, സൗമ്യ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ചാപ്റ്റർ തല ഫൈനൽ മത്സരങ്ങൾ ഈ മാസം 26 ന് ഇബ്രയിൽ വച്ച് നടക്കും.
പ്രവാസി ക്ഷേമനിധി ബോർഡംഗവും ലോകകേരളസഭാംഗവുമായ വിൽസൺ ജോർജ്, മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ, സാമൂഹികപ്രവർത്തകൻ വിജയൻ കെ വി എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന മലയാളം ക്ലാസ്സുകളിൽ നൂറു കണക്കിന് കുട്ടികൾ പങ്കെടുത്തു വരുന്നു.
മലയാളം മിഷൻ ഒമാൻ ട്രഷറർ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷനായി. ഇന്ത്യൻ സ്‌കൂൾ ബോർഡംഗം നിധീഷ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം കോ-കൺവീനർ ജഗദീഷ് കീരി, ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹികക്ഷേമവിഭാഗം അംഗം സന്തോഷ് കുമാർ, മലയാളം മിഷൻ മസ്കറ്റ് മേഖലാ കോർഡിനേറ്റർ സുനിത്ത് തെക്കടവൻ, അനുപമ, രാജീവ്, നിഷ തുടങ്ങിയവർ സംസാരിച്ചു.
മലയാളം മിഷന്റെ ഭാഗമാകാൻ താല്പര്യമുള്ള കുട്ടികൾക്കും മാതാപിതാക്കൾക്കും മിഷൻ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.








0 comments