സമാധാന ചര്‍ച്ചയ്ക്കായി എസ്ടിസി സംഘം സൗദിയിലേക്ക്: യമനില്‍ സൈനികകേന്ദ്രം തിരിച്ചുപിടിച്ച് സര്‍ക്കാര്‍ സേന

അനസ് യാസിന്‍
Published on Jan 07, 2026, 10:03 AM | 1 min read
മനാമ: സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ (എസ്ടിസി) നിയന്ത്രണത്തിലായിരുന്ന യമനിലെ ഹദ്‌റമൗത്ത്, അല്‍ മഹ്‌റ പ്രവിശ്യകളിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തിരിച്ചു പിടിച്ചതായി സൗദി അറേബ്യയുടെ പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യം. പിടിച്ചെടുത്ത സൈനിക പോസ്റ്റുകളുടെ കൈമാറ്റ നടപടി പൂര്‍ത്തിയായതായി യമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹദ്‌റമൗത്തിന്റെ തലസ്ഥാനവും തന്ത്രപ്രധാന തുറമുഖ നഗരവുമായ മുകല്ലയില്‍നിന്ന് എസ്ടിസി സേന പിന്മാറിത്തുടങ്ങി. കഴിഞ്ഞയാഴ്ച മുകല്ലയിലെ ആയുധപ്പുരകള്‍ ലക്ഷ്യമാക്കി സൗദി സഖ്യസേന പരിമിതമായ വ്യോമാക്രമണം നടത്തിയിരുന്നു. നിലവില്‍ നഗരത്തില്‍ ജനജീവിതം സാധാരണ നിലയിലായതായും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായും പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, റിയാദ് സമാധാന ഫോറത്തില്‍ പങ്കെടുക്കാന്‍ എസ്ടിസി നേതാവ് ഐദറൂസ് അല്‍ സുബൈദിയുടെ നേതൃത്വത്തിലുള്ള സംഘം സൗദിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. യമന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സുപ്രധാന ചുവടുവയ്‌പ്പായാണ് സമാധാന ചര്‍ച്ചയെ നോക്കിക്കാണുന്നത്. യമനിലെ ഹൂതി വിമതര്‍ക്കെതിരെ ഒരു പതിറ്റാണ്ടായി പോരാടുന്ന സൗദി– -യുഎഇ സഖ്യത്തിലെ ആഭ്യന്തര ഭിന്നത പരിഹരിക്കുകയെന്നതും റിയാദ് ചര്‍ച്ചകളുടെ ലക്ഷ്യമാണ്. തങ്ങളുടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൗദി സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്തത്.









0 comments