Deshabhimani

വർഗീയതയെ ചെറുത്തുതോൽപ്പിച്ച് മതനിരപേക്ഷ മൂല്യങ്ങളെ സംരക്ഷിക്കണം; പ്രതിപക്ഷ നേതാവിന്റെ കേരള പിറവി ആശംസ

Pinarayi Vijayan
വെബ് ഡെസ്ക്

Published on Nov 01, 2026, 10:23 AM | 1 min read

തിരുവനന്തപുരം: മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെല്ലാം ചേർന്ന് ഐക്യകേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ ഓർമ്മപ്പെടുത്തലാണ് നവംബർ ഒന്ന്. നീണ്ട കാലത്തെ പ്രക്ഷോഭങ്ങളുടെയും സാംസ്കാരിക മുന്നേറ്റങ്ങളുടെയും ഫലമായാണ് ഭാഷാടിസ്ഥാനത്തിൽ നമ്മുടെ സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നായ ഈ ദിനം, നമ്മുടെ നാടിനോടുള്ള സ്നേഹവും പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയാണ്.


ഐക്യകേരളം രൂപീകരിക്കുന്നതിൽ നിസ്തുലമായ പങ്കാണ് കമ്മ്യൂണിസ്റ്റ് പാർടി വഹിച്ചത്. 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന വിഖ്യാതമായ ഗ്രന്ഥത്തിലൂടെ സഖാവ് ഇ.എം.എസാണ് ഐക്യകേരളം എന്ന ആശയത്തിന് ഏറ്റവും ശക്തമായ അടിത്തറ പാകിയത്. തുടർന്ന് 1957-ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്‌റ്റ് പാർടി നേതൃത്വം നൽകിയ സർക്കാർ സമഗ്രമായ ഭൂപരിഷ്കരണം, സാർവത്രിക വിദ്യാഭ്യാസം എന്നിവയിലൂടെ ലോകത്തിന് തന്നെ മാതൃകയായ 'കേരള മോഡലിന്' തുടക്കം കുറിച്ചു.


നവോത്ഥാന മൂല്യങ്ങളെ നെഞ്ചോട് ചേർത്ത്, ജാതി-ജന്മി നാടുവാഴിത്ത വ്യവസ്ഥിതികളെ തകർത്തെറിഞ്ഞ്, ജാതിമത ഭേദമന്യേ എല്ലാ മനുഷ്യർക്കും തുല്യാവകാശവും അന്തസ്സും ഉറപ്പുവരുത്തുന്ന ഒരു മതനിരപേക്ഷ സമൂഹമായി കേരളത്തെ മാറ്റിത്തീർത്തത് ഇടതുപക്ഷത്തിൻ്റെ കരുത്തുറ്റ രാഷ്ട്രീയ ഇടപെടലുകളാണ്.


കേരളത്തിന്റെ ഈ മഹത്തായ പാരമ്പര്യവും ഐക്യവും തകർക്കാൻ ചില കോണുകളിൽ നിന്ന് ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന കാലഘട്ടമാണിത്. വർഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തികളെ ചെറുത്തുതോൽപ്പിച്ച്, കേരളത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെ സംരക്ഷിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സങ്കുചിത ചിന്തകൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കാൻ നമുക്ക് കഴിയണം. പരസ്പര സ്നേഹവും സാഹോദര്യവും നിലനിർത്തിക്കൊണ്ട്, വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും പുതിയ പടവുകൾ താണ്ടാൻ ഈ കേരളപ്പിറവി ദിനത്തിൽ നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home