'ചലോ ദില്ലി' മുദ്രാവാക്യമുയർത്തി വിദ്യാർഥികൾ; ചെങ്കൊടിയേന്തി സിപിഐ എം പ്രവർത്തകർ
ന്യൂഡൽഹി : ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്ക് വേദി ഒരുങ്ങിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികളും കർഷകരും ഡൽഹിയിലേക്ക് ഒഴുകിയെത്തുകയാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ ക്രമക്കേടുകൾക്കെതിരെയും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ശക്തമായ പ്രതിഷേധത്തിന് രാജ്യമൊന്നാകെ കൈകോർത്ത് ഡൽഹിയിൽ മഹാറാലി നടത്തും. നിരവധി പേരാണ് മഹാറാലിൽ പങ്കാളികളാകാൻ ദേശീയ തലസ്ഥാനത്തേക്ക് എത്തുന്നത്.
'ചലോ ഡൽഹി' മാർച്ച് എന്നെഴുതിയ പോസ്റ്ററുകൾ ഉയർത്തിയും ചെങ്കൊടിയേന്തിയും ഗ്വാളിയോറിൽ നിന്നടക്കം സിപിഐ എം പ്രവർത്തകർ രാംലീല മൈതാനത്തേക്കെത്തിയിട്ടുണ്ട്. മഹാറാലിക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുക്കയാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എസ്എഫ്ഐ പ്രവർത്തകരും ഡൽഹിയിലെത്തി തുടങ്ങി.
ഇന്നലെ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ വെച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മകമായി ജനകീയ കുറ്റവിചാരണ നടത്തിയിരുന്നു. മുൻ ലോക്സഭ സ്പീക്കർ മീരാ കുമാർ അധ്യക്ഷത വഹിച്ചു. ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള പ്രമേയം മല്ലികാർജുൻ ഖർഗെ അവതരിപ്പിച്ചു. കൈകൾ ഉയർത്തിപ്പിടിച്ച് ഏകകണ്ഠമായി ഇന്ത്യ സഖ്യം പ്രമേയം അംഗീകരിക്കുകയും ചെയ്തു.









0 comments