'ചലോ ദില്ലി' മാർച്ച്; ജനാധിപത്യ സംരക്ഷണത്തിന് ഇന്ത്യ സഖ്യം

ന്യൂഡൽഹി : രാജ്യത്തിനായി കൈകോർത്ത് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ജനത. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ഇന്ത്യക്കാരും അണിനിരക്കുകയാണ് ഡൽഹിയിൽ. സ്ത്രീകളും, വിദ്യാർഥികളും, തൊഴിലാളികളും, കർഷകരും തുടങ്ങി രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഏകദേശം 10 ലക്ഷം പേരാണ് രാംലീല മൈതാനിയിലെ മഹാറാലിയിൽ പങ്കെടുക്കുന്നത്.
ഉച്ചയ്ക്ക് 12ന് മിന്റോ റോഡ് – കൊണാട്ട് പ്ലേസ് ജങ്ഷനിൽ നിന്ന് രാംലീല മൈതാനത്തേക്കാണ് 'ചലോ ദില്ലി' മാർച്ച് നിശ്ചയിച്ചിരിക്കുന്നത്. സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങി ഇന്ത്യ സഖ്യത്തിന്റെ പ്രമുഖ നേതാക്കൾ മഹാറാലിയിൽ പങ്കെടുക്കും. വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി രാജ്യത്തെ എല്ലാ മേഖലകളിൽ നിന്നുള്ളവരും ഇന്ന് പ്രതിഷേധത്തിൽ അണിചേരാൻ ഇന്ത്യ സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്.
രാംലീല മൈതാനത്തിന്റെ ശേഷി കണക്കിലെടുത്ത് 50,000 പേരെയാണ് പൊലീസ് പ്രതീക്ഷിക്കുന്നതെങ്കിലും ഏകദേശം 10 ലക്ഷം പേർ അണിനിരക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തൽ. രാംലീല മൈതാനത്തെ റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടുണ്ടെങ്കിലും കൊണാട്ട് പ്ലേസ്–മിന്റോ റോഡ് ഭാഗത്തുനിന്നുള്ള മാർച്ചിന് പ്രത്യേക അനുമതിയില്ല. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും കരുത്തോടെ ഒറ്റക്കെട്ടായി ജനാധിപത്യത്തെ സംരക്ഷിക്കാൻ ഡൽഹിയിൽ ഒത്തുചേരുകയാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ജനത.








0 comments