നിയന്ത്രണങ്ങൾ ഭേദിച്ച് മഹാറാലിയിൽ അണിനിരക്കാൻ ലക്ഷങ്ങൾ രാജ്യതലസ്ഥാനത്ത്

ഡൽഹി: കടുത്ത നിയന്ത്രണങ്ങൾ ഭേദിച്ച് ഇന്ത്യ കൂട്ടായ്‌മയുടെ ദില്ലി ചലോ മഹാറാലിയിൽ അണിനിരക്കാൻ ലക്ഷക്കണക്കിനു പ്രക്ഷോഭകർ രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നു. ഉച്ചയോടെ തന്നെ രാംലീല മൈതാനം നിറഞ്ഞു കവിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് രാഷ്‌ട്രീയ കക്ഷി പ്രതിനിധികൾ, കർഷകർ, തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ വിഭാഗം വിപുലമായ പ്രാതിനിധ്യത്തോടെ റാലിയിൽ അണിനിരക്കാൻ സജ്ജരായി. റാലിയിലെ ഇടതുപക്ഷ പ്രതിനിധികളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമാണ്. ഇടതുപക്ഷ രാഷ്‌ട്രീയ–തൊഴിലാളി–കർഷക –വിദ്യാർത്ഥി–യുവജന പ്രസ്ഥാനങ്ങളുടെ പതിനായിരക്കണക്കിന് പ്രതിനിധികളാണ് ഭരണകൂടത്തിന്റെ നെറികേടുകൾക്കെതിരെ പ്രതികരിക്കാൻ ആവേശത്തോടെ കടന്നുവന്നത്.
മഹാറാലിയ്‌ക്ക് കടുത്ത നിബന്ധനകളോടെയാണ് അനുമതി നൽകിയത്. അതിനൊപ്പം ഒട്ടേറെ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. അതെല്ലാം അതിജീവിച്ചാണ് ജനലക്ഷങ്ങൾ ഡൽഹിയിലെത്തിയത്. ഭാരത് 6 സർട്ടിഫിക്കറ്റില്ലാത്ത എല്ലാ വാഹനങ്ങൾക്കും നവംബർ ഒന്നു മുതൽ ഡൽഹിയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ബസുകളിലും സ്വകാര്യവാഹനങ്ങളിലും പ്രക്ഷോഭകരെ എത്തിക്കുന്നത് തടയാനാണ് ഇൗ വിലക്ക് തിരക്കിട്ട് നടപ്പാക്കിയത്.
ഡൽഹിയുടെ അതിർത്തികളിലെ പതിനഞ്ചോളം ചെക്ക്‌പോസ്‌റ്റുകളിലും മറ്റുമായി അന്പതോളം പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ടീമിനെ നിയോഗിച്ചിരുന്നു. റാലി ഒത്തുചേരുന്ന റാംലീല മൈതാനവും പരിസരവും 14 മേഖലകളായി തിരിച്ച് കനത്ത സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നു. പതിനായിരത്തോളം പൊലീസിനെയും കേന്ദ്രസേനയെയും റാലി തടയാൻ നിയോഗിച്ചു. പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ മെറ്റൽ ഡിറ്റക്‌റ്ററുകളും ബാരിക്കേഡുകളും ഡൽഹി പൊലീസ് എത്തിച്ചു. റാംലീല മൈതാനത്ത് മാത്രം മുന്നൂറോളം സിസിടിവി ക്യാമറകളും ഡ്രോണുകളും ഏർപ്പെടുത്തി. സുരക്ഷാ സേനാംഗങ്ങൾക്ക് ബോഡി ക്യാമറകളും നൽകി. നഗരത്തിലെ പ്രധാന റോഡുകളടക്കം അടച്ചിട്ടു. മറ്റിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്.
ഇൗ പ്രതിരോധങ്ങളെല്ലാം മറികടന്നാണ് ലക്ഷക്കണക്കിനാളുകൾ മഹാറാലിയിൽ അണിനിരക്കാൻ വന്നുചേർന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രക്ഷോഭകർ അവരുടെ തനതുകലാരൂപങ്ങളും മറ്റും അവതരിപ്പിക്കാൻ തയ്യാറെടുത്ത് വന്നത് ആവേശമായി. എസ്‌എഫ്‌ഐ,ഡിവൈഎഫ്‌ഐ പ്രതിനിധികളും പാട്ടും താളമേള വാദ്യങ്ങളുമായി അണികൾക്ക് ഉൗർജ്ജമായി കടന്നുവന്നു.









0 comments