Deshabhimani

'ചലോ ദില്ലി' മഹാറാലി; ഇന്ത്യ കൂട്ടായ്മയിലെ നേതാക്കൾ തുറന്ന ജീപ്പിൽ മിന്റോ റോഡിലേക്ക്

India Bloc Leaders
വെബ് ഡെസ്ക്

Published on Nov 01, 2026, 01:07 PM | 2 min read

ന്യൂഡൽഹി : ചലോ ദില്ലി മാ‌ർച്ചിൽ അണിനിരക്കുന്നതിനും മഹാറാലിക്ക് നേതൃത്വം നൽകുന്നതിനും ഇന്ത്യ സഖ്യത്തിലെ നേതാക്കൾ തുറന്ന ജീപ്പുകളിൽ മിന്റോ റോഡിലേക്ക് പുറപ്പെട്ടു. മല്ലികാർജുൻ ഖർ​ഗെയുടെ വസതിയിൽ നിന്ന് തുറന്ന ജീപ്പിൽ നേതാക്കൾ യാത്ര തുടങ്ങി. എം എ ബേബി, മല്ലികാർജുൻ ഖർ​ഗെ, രാഹുൽ ​ഗാന്ധി, അഖിലേഷ് യാദവ്, ദീപാങ്കുർ ഭട്ടാചാര്യ, ഫാറുഖ് അബ്ദുള്ള തുടങ്ങി ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ചലോ ദില്ലി മാർച്ചിന് നേതൃത്വം നൽകാൻ യാത്ര ആരംഭിച്ചു കഴിഞ്ഞു.


ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ലക്ഷങ്ങളാണ് ഇന്ത്യ സഖ്യത്തിനൊപ്പം രാജ്യതലസ്ഥാനത്ത് അണിനിരക്കുന്നത്. രാജ്യം സമീപകാലത്ത് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വൻ ജനകീയ മുന്നേറ്റത്തിനാണ് രാംലീല മൈതാനി ഒരുങ്ങുന്നത്. മിന്റോ റോഡ് – കൊണാട്ട് പ്ലേസ് ജങ്ഷനിൽ നിന്ന് രാംലീല മൈതാനത്തേക്കാണ് 'ചലോ ദില്ലി' മാർച്ച് നിശ്ചയിച്ചിരിക്കുന്നത്. നേതാക്കൾ അല്പസമയത്തിനകം മിന്റോ റോഡിലേക്ക് തുറന്ന ജീപ്പുകളിലെത്തും. തുടർന്ന് മിന്റോ റോഡിൽ നിന്ന് കാൽനടയായി രാംലീല മൈതാനിയിലേക്ക് ചലോ ദില്ലി മാർച്ച് ആരംഭിക്കും. വൈകുന്നേരം 5 മണി വരെയാണ് രാംലീല മൈതാനത്ത് പ്രതിഷേധിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്.


ഇതിനോടകം ചെറുസംഘങ്ങളായി പതിനായിരത്തിലധികം ആളുകളാണ് മഹാറാലി ആരംഭിക്കുന്നതിന് മുൻപ് തന്നെ രാംലീല മൈതാനിയിലേക്ക് എത്തിയിരിക്കുന്നത്. ഏകദേശം 10 ലക്ഷം പേർ 'ചലോ ദില്ലി' മാർച്ചിൽ അണിനിരക്കും. രാംലീല മൈതാനിയിലെ അഞ്ച് കവാടങ്ങൾ കൂടി പ്രതിഷേധക്കാർക്ക് പ്രവേശിക്കാനായി തുറന്നു കൊടുത്തിട്ടുണ്ട്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം ജനാധിപത്യ സംരക്ഷണത്തിനായി ജനങ്ങൾ ഡൽഹിയിലേക്ക് ഒഴുകിയെത്തുകയാണ്.


വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി രാജ്യത്തെ എല്ലാ മേഖലകളിൽ നിന്നുള്ളവരും ഇന്ന് പ്രതിഷേധത്തിൽ അണിചേരാൻ ഇന്ത്യ സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്. രാംലീല മൈതാനത്തിന്റെ ശേഷി കണക്കിലെടുത്ത് 50,000 പേരെയാണ് പൊലീസ് പ്രതീക്ഷിക്കുന്നതെങ്കിലും ഏകദേശം 10 ലക്ഷം പേർ ഇന്ന് മഹാറാലിയിൽ പങ്കുചേരും. രാംലീല മൈതാനത്തെ റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടുണ്ടെങ്കിലും കൊണാട്ട് പ്ലേസ്–മിന്റോ റോഡ് ഭാഗത്തുനിന്നുള്ള മാർച്ചിന് അനുമതി നൽകിയിട്ടില്ല. മിന്റോ റോഡിൽ പൊലീസ് ബാരിക്കേഡ് ഉപയോ​ഗിച്ച് തടസം സൃഷ്ടിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home