നടപടി ദേശാഭിമാനി വാർത്തയെ തുടർന്ന്
വിദ്യാവാഹിനി കുടിശ്ശിക; തുക അനുവദിക്കണമെന്ന് കലക്ടർ

കാസർകോട്
വിദ്യാവാഹിനി പദ്ധതിയില്‍ കുടിശ്ശികയുള്ള തുക സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വേഗത്തില്‍ അനുവദിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ കലക്ടര്‍ ശ്രീധന്യ സുരേഷിന്റെ നിര്‍ദേശം. പദ്ധതിക്ക് യുഡിഎഫ് സർക്കാർ തുക അനുവദിക്കാത്തതിനെതിരെ ദേശാഭിമാനി കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി. ആദിവാസി ഊരുകളിൽനിന്ന് കുട്ടികളെ സുരക്ഷിതമായി സ്കൂളുകളിൽ എത്തിക്കാൻ വാഹനസൗകര്യം ഒരുക്കുന്നതിന് പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്നതാണ് പദ്ധതി. 2017-ൽ ഒന്നാം പിണറായി വിജയൻ സർക്കാർ ‘ഗോത്ര സാരഥി’ എന്ന പേരിൽ ആരംഭിച്ച പദ്ധതിയാണ്, പിന്നീട് രണ്ടാം പിണറായി വിജയൻ സർക്കാർ ‘വിദ്യാവാഹിനി’ എന്ന പേരിൽ പുനഃക്രമീകരിച്ച് നടപ്പാക്കിയത്. എൽഡിഎഫ് സർക്കാർ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തിയ മുഴുവൻ തുകയും അതതു മാസങ്ങളിൽതന്നെ വിതരണംചെയ്തിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ വന്നതുമുതൽ നിശ്ചയിക്കപ്പെട്ട ഫണ്ടുപോലും സർവീസ് നടത്തിയ വാഹനങ്ങൾക്ക് കൊടുക്കാൻ തയ്യാറായില്ല. വാഹന വാടക മുടങ്ങിയിട്ട് അഞ്ചുമാസമായതിനെതുടർന്ന് സർവീസ് നിർത്താനൊരുങ്ങുകയാണ് വാഹന ഉടമകൾ. പാണത്തൂർ വെൽഫെയർ ഗവ. ഹൈസ്കൂളിൽ സർവീസ് നിർത്തുകയാണെന്ന് ഉടമകൾ അറിയിച്ചിരുന്നു. വാഹനങ്ങള്‍ക്ക് കുടിശ്ശികയുണ്ടെന്നും മലയോര മേഖലയായതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നും വ്യക്തമാക്കി പല ഡ്രൈവര്‍മാരും ഓടാന്‍ വിസമ്മതിക്കുന്ന സാഹചര്യമുണ്ടെന്നുമുള്ള വിഷയം ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചു. തുക കുറവാണെന്ന് പറഞ്ഞ് വാഹനങ്ങള്‍ ഓട്ടം നിര്‍ത്തുന്ന സാഹചര്യമുണ്ടെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമും ആവശ്യപ്പെട്ടു. ഇതേതുടർന്ന് ദുര്‍ഘട പാതകളില്‍ വിദ്യാവാഹിനി പദ്ധതി നടപ്പാക്കുന്നതിന് അധികതുക അനുവദിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. വിഷയത്തില്‍ അടിയന്തര ഇടപെടലുണ്ടാവാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
കുടിശ്ശിക തീർത്തില്ലെങ്കിൽ സർവീസ് നിർത്തുമെന്ന് വാഹന ഉടമകൾ
രാജപുരം
വിദ്യാവാഹിനി പദ്ധതിയിൽ അഞ്ചുമാസത്തിലധികമായി മുടങ്ങിക്കിടക്കുന്ന തുക ഉടൻ നൽകിയില്ലെങ്കിൽ സർവീസ് നിർത്തുമെന്നറിയിച്ച് കൂടുതൽ വാഹന ഉടമകൾ. കഴിഞ്ഞ ജൂൺമുതൽ ഒക്ടോബർവരെയുള്ള അഞ്ചുമാസത്തെ വാടക കിട്ടാതെ വന്നതോടെയാണ് സർവീസ് പൂർണമായും നിർത്തിവയ്ക്കാൻ ഡ്രൈവർമാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കൂടുതൽപേർ സ്കൂൾ അധികൃതർക്ക് കത്ത് നൽകി. ചാമുണ്ഡിക്കുന്ന് ഗവ. ഹൈസ്കൂളിലേക്ക് സർവീസ് നടത്തുന്നവരാണ് കത്ത് നൽകിയത്. നിലവിൽ ഇവിടെ 6 ജീപ്പുകൾ 10 ട്രിപ്പാണ് നടത്തുന്നത്. 140 വിദ്യാർഥികളാണ് സ്കൂളിൽ ഇൗ പദ്ധതിയുടെ ഭാഗമായുള്ളത്. നവംബർ ഒന്നുമുതൽ പദ്ധതിക്കുവേണ്ടി സർവീസ് നടത്തില്ലെന്ന് വ്യക്തമാക്കിയാണ് ഡ്രൈവർമാർ പ്രധാനാധ്യാപകന് കത്തു നൽകിയത്. കഴിഞ്ഞ അഞ്ചുവർഷമായി മുടക്കമില്ലാതെ നടത്തിയ സർവീസാണ് പ്രതിസന്ധിയിലായതെന്നും ഇവർ വ്യക്തമാക്കുന്നു. 2026–-27 അധ്യയന വർഷത്തിൽ ഒരു മാസത്തെ പ്രതിഫലംപോലും കിട്ടിയിട്ടില്ല. ഇതുവരെ വാഹനം ഓടിയതിന്റെ പ്രതിഫലവും ഇനി ഓടുന്നതിനുള്ള രേഖാമൂല സമ്മതവും വേണം. എന്നാലേ തുടർന്ന് സർവീസ് നടത്താൻ കഴിയുകയുള്ളൂ എന്നാണ് ഡ്രൈവർമാർ പറയുന്നത്. പാണത്തൂർ വെൽഫെയർ ഗവ. സ്കൂളിലെ സർവീസും നിർത്തിവയ്ക്കുകയാണെന്ന് ഡ്രൈവർമാർ പറയുന്നു. ഇവിടെ 126 വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗം.
പരാതി നൽകിയെങ്കിലും നടപടി ഇല്ല
അഞ്ചുവർഷമായി ജീപ്പ് സർവീസ് നടത്തുന്നു. ആ ഘട്ടങ്ങളിലെല്ലാം കൃത്യമായി വാഹന വാടക ലഭിച്ചിരുന്നു. യുഡിഎഫ് സർക്കാർ വന്നതുമുതൽ സർവീസ് ഇനത്തിൽ ഒരു രൂപപോലും ലഭിച്ചിട്ടില്ല. പരാതി നൽകിയെങ്കിലും നടപടി ഇല്ല. ഇനി തുടർന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ലോണെടുത്തും കടം വാങ്ങിയുമാണ് വാഹനം വാങ്ങിയത്. പദ്ധതിയുടെ ഭാഗമായതിനാൽ മറ്റു സർവീസുകൾ നടത്താനാവില്ല. വാഹന ലോണും മുടങ്ങി. ഇന്ധനവില വർധനയ്ക്കനുസൃതമായി സർവീസ് ചാർജും വർധിപ്പിക്കണം.
ജി ഷാജിലാൽ (വിദ്യാവാഹിനി പദ്ധതിയിൽ സർവീസ് നടത്തുന്ന ഡ്രൈവർ)







0 comments