ഫെലോഷിപ്പ് ഇല്ലാതാക്കി വിസിയുടെ പ്രതികാരം; ദുരിതം വിവരിച്ച് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഗവേഷക

ഋതിഷ ഋതു
കാലടി: വിസിയുടെ പ്രതികാര നടപടികളുടെ ഫലമായി കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഗവേഷകയായ ഋതിഷ ഋതുവിന്റെ പഠനവും ഗവേഷണവും പ്രതിസന്ധിയിൽ. കാലടി സർവകലാശാലയിൽ സസ്പെൻഷനിലായതോടെ ഗവേഷണത്തിനുള്ള സ്കോളർഷിപ്പ് തുക പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഋതിഷ. ജെആർഎഫോടെ ഗവേഷണം നടത്തുന്ന ഋതിഷയ്ക്ക് കഴിഞ്ഞ രണ്ട് മാസമായി സർവകലാശാലയിൽ പ്രവേശിക്കാനായിട്ടില്ല. ഹാജർ രേഖപ്പെടുത്താൻ കഴിയാത്തതിനാൽ ഫെലോഷിപ്പ് തുക ക്ലെയിം ചെയ്യാനും സാധിക്കുന്നില്ല. നിരവധി വിവേചനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയിലെത്തിയ തനിക്ക് ഇപ്പോൾ ഗവേഷണം തുടരാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് ഋതിഷ പറഞ്ഞു.
വിദ്യാർഥികളുടെ അടിസ്ഥാന അവകാശമായ വിദ്യാഭ്യാസം തന്നെ ഇല്ലാതാക്കാനുള്ള പ്രതികാര നടപടികളാണ് വിസി സ്വീകരിക്കുന്നത്. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും അതിനെതിരെ അപ്പീൽ പോകുന്ന വിചിത്രമായ നിലപാടാണ് വിസിയുടേത്. വിദ്യാർഥികൾ പരീക്ഷയെഴുതരുതെന്ന് വാദിക്കാൻ ഒരു വൈസ് ചാൻസലർ തന്നെ കോടതിയെ സമീപിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ അസാധാരണ സാഹചര്യമാണ്. വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സ്ഥാനത്തിരിക്കുന്നവർ തന്നെ അവ നിഷേധിക്കാൻ ശ്രമിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലൊരു അധ്യാപികയെ കാണാൻ കഴിയില്ലെന്നും ഋതിഷ വിമർശിച്ചു.
സർവകലാശാലയിൽ കഴിഞ്ഞ 90 ദിവസമായി നടക്കുന്ന എസ്എഫ്ഐ സമരത്തിന്റെ ഭാഗമാണ് ഋതിഷ. വൈസ് ചാൻസലർ സിസ തോമസിന്റെ നടപടിയെത്തുടർന്ന് സസ്പെൻഷൻ നേരിട്ട 16 വിദ്യാർഥികളിൽ ഒരാളുമാണ്. 62 ദിവസമായി സസ്പെൻഷനിൽ തുടരുകയാണ്. 2022ൽ കാലടി സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്ന ഋതിഷ 2024ലാണ് പിഎച്ച്ഡി ഗവേഷണത്തിന് പ്രവേശനം നേടിയത്. ട്രാൻസ്ജെൻഡർ വ്യക്തിയെന്ന നിലയിൽ നേരിട്ട വിവേചനങ്ങളെ അതിജീവിച്ച് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കണമെന്നതായിരുന്നു ലക്ഷ്യം. എന്നാൽ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി സമരം ചെയ്തതിന്റെ പേരിൽ പഠനം തന്നെ നിഷേധിക്കുന്ന നടപടികളാണ് നേരിടേണ്ടിവരുന്നതെന്ന് ഋതിഷ പറഞ്ഞു.
ട്രാൻസ്ജെൻഡർ വ്യക്തികളിൽ ഭൂരിഭാഗത്തിനും കുടുംബത്തിൽനിന്നോ മറ്റോ കാര്യമായ സാമ്പത്തിക സഹായം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഗവേഷണത്തിനുള്ള ഫെലോഷിപ്പ് തുക അത്യന്താപേക്ഷിതമാണ്. ഒറ്റയ്ക്ക് പോരാടി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടിവന്നത്. ഓരോ ദിവസവും നിലനിൽപ്പിനായി പോരാടേണ്ടിവരുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ വിദ്യാഭ്യാസത്തിനുള്ള അവസരവും അവകാശവുമാണ് സർവകലാശാല അധികൃതരുടെയും ഭരണകൂടത്തിന്റെയും നടപടികളിലൂടെ ഹനിക്കപ്പെടുന്നത്. നിരവധി പ്രതിസന്ധികളെ മറികടന്ന് ഗവേഷണരംഗത്തെത്തിയ തനിക്ക് പഠനം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് സിസ തോമസെന്നും ഋതിഷ പറഞ്ഞു.
വിദ്യാർഥികൾക്കൊപ്പം നിൽക്കേണ്ട സർക്കാർ സംഘപരിവാർ അജൻഡകൾക്ക് കുടപിടിക്കുകയാണ്. സ്വന്തം മണ്ഡലത്തിലെ സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങൾ പോലും മന്ത്രി റോജി എം ജോണിന് അറിയാത്ത അവസ്ഥയാണ്. സർവകലാശാലയിലെ അനീതികൾ കാണാനോ വിദ്യാർഥികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ മന്ത്രിക്ക് കഴിയുന്നില്ല. വിദ്യാർഥികളെ കേൾക്കാൻ പോലും തയ്യാറാകാത്ത വൈസ് ചാൻസലറും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് നിലവിലുള്ളത്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളർന്നുവന്നെന്ന് പറയുന്ന റോജി എം ജോൺ ഇപ്പോൾ വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന സംഘപരിവാർ അജൻഡകൾക്ക് കൂട്ടുനിൽക്കുകയാണെന്നും ഋതിഷ വിമർശിച്ചു.
എൻഎസ്യുഐ പ്രസിഡന്റായിരിക്കെ വിദ്യാർഥികൾക്കുവേണ്ടി സമരം ചെയ്തുവെന്ന് പറയുന്ന അതേ വ്യക്തിയാണ് ഇന്ന് വിദ്യാർഥികളുടെ സമരത്തെ അപരിഷ്കൃത സമരമെന്ന് വിശേഷിപ്പിക്കുന്നത്. അതിന് പിന്നിലെ കാരണം മനസ്സിലാകുന്നില്ല. സർവകലാശാലയിൽ ശവസംസ്കാരം പോലുള്ള സമരം നടന്നിട്ടില്ലെന്ന വസ്തുത പുറത്തുവന്നിട്ടും മന്ത്രി നിലപാട് തിരുത്താൻ തയ്യാറായിട്ടില്ല. യാഥാർഥ്യം മനസ്സിലാക്കിയിട്ടും നേരത്തെ പറഞ്ഞ വാക്കുകൾതന്നെ ആവർത്തിച്ച് വിദ്യാർഥികളെ വീണ്ടും വീണ്ടും അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും ഋതിഷ പറഞ്ഞു.








0 comments