Deshabhimani

ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്റെ കൂട്ടമരണം; സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ച് പൊലീസ്

Changanassery.jpg

സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സവിൻ (34)

വെബ് ഡെസ്ക്

Published on Nov 01, 2026, 01:12 PM | 1 min read

കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. മരിച്ച സാജു ആന്റണിയുടെയും മകൻ സവിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് എന്നിവയിലൂടെ സവിന് പണം നഷ്ടമായിട്ടുണ്ടെന്ന ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.


സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന സൂചന ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിദേശത്തുള്ള സവിന്റെ ഭാര്യയിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ തേടും. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും സമീപകാലത്തെ ഇടപാടുകളെക്കുറിച്ചും വിശദമായ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.


ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപം കരിങ്കട വീട്ടിൽ താമസിച്ചിരുന്ന സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സവിൻ (34) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.


സാജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മകൻ സവിനെ സ്റ്റോർ റൂമിലുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ അതിക്രമം നടന്നതിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.


കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൂന്ന് മൃതദേഹങ്ങളും സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച സംസ്കാരം നടത്തും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home