'ചലോ ദില്ലി' മഹാറാലി: അഞ്ച് കവാടങ്ങൾ തുറന്നു; രാംലീല മൈതാനത്തേക്ക് പ്രതിഷേധക്കാരുടെ ഒഴുക്ക്

ന്യൂഡൽഹി : ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ഇന്ത്യക്കാരും ഇന്ത്യ സഖ്യത്തിനൊപ്പം അണിനിരക്കുകയാണ് രാജ്യതലസ്ഥാനത്ത്. ഉച്ചയ്ക്ക് 12ന് മിന്റോ റോഡ് – കൊണാട്ട് പ്ലേസ് ജങ്ഷനിൽ നിന്ന് രാംലീല മൈതാനത്തേക്കാണ് 'ചലോ ദില്ലി' മാർച്ച് നിശ്ചയിച്ചിരിക്കുന്നത്. സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങി ഇന്ത്യ സഖ്യത്തിന്റെ പ്രമുഖ നേതാക്കൾ മഹാറാലിയിൽ പങ്കെടുക്കും.
സുർജിത് ഭവന് മുന്നിൽ നിന്നും, എകെജി ഭവന് മുന്നിൽ നിന്നുമുള്ള സംഘങ്ങൾ മഹാറാലിയിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടു. ചെറുസംഘങ്ങളായി പതിനായിരത്തിലധികം ആളുകളാണ് മഹാറാലി ആരംഭിക്കുന്നതിന് മുൻപ് തന്നെ രാംലീല മൈതാനിയിലേക്ക് എത്തിയിരിക്കുന്നത്. ഏകദേശം 10 ലക്ഷം പേർ 'ചലോ ദില്ലി' മാർച്ചിൽ അണിനിരക്കാനും മഹാറാലിയിൽ പങ്കെടുക്കാനുമായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നത്. അഞ്ച് കവാടങ്ങൾ കൂടി പ്രതിഷേധക്കാർക്ക് പ്രവേശിക്കാനായി തുറന്നു കൊടുത്തിട്ടുണ്ട്. ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ജനാധിപത്യ സംരക്ഷണത്തിനായി ജനങ്ങൾ ഒഴുകിയെത്തുകയാണ്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധി വിദ്യാർഥികളും, യുവജനങ്ങളുമാണ് ഡൽഹിയിലേക്കെത്തിയിരിക്കുന്നത്.
വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി രാജ്യത്തെ എല്ലാ മേഖലകളിൽ നിന്നുള്ളവരും ഇന്ന് പ്രതിഷേധത്തിൽ അണിചേരാൻ ഇന്ത്യ സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്. രാംലീല മൈതാനത്തിന്റെ ശേഷി കണക്കിലെടുത്ത് 50,000 പേരെയാണ് പൊലീസ് പ്രതീക്ഷിക്കുന്നതെങ്കിലും ഏകദേശം 10 ലക്ഷം പേർ അണിനിരക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തൽ. രാംലീല മൈതാനത്തെ റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടുണ്ടെങ്കിലും കൊണാട്ട് പ്ലേസ്–മിന്റോ റോഡ് ഭാഗത്തുനിന്നുള്ള മാർച്ചിന് പ്രത്യേക അനുമതിയില്ല. മിന്റോ റോഡിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടസം സൃഷ്ടിച്ചിട്ടുണ്ട്. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും കരുത്തോടെ ഒറ്റക്കെട്ടായി ജനാധിപത്യത്തെ സംരക്ഷിക്കാൻ ഡൽഹിയിൽ ഒത്തുചേരുകയാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ജനത.









0 comments