Deshabhimani

തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്; പരീക്ഷ എഴുതാൻ കോടതി അനുമതി, എന്നിട്ടും വിദ്യാർത്ഥികളെ പുറത്തുനിർത്തി കാലടി സർവകലാശാല

Kalady University Protest.jpg
വെബ് ഡെസ്ക്

Published on Nov 01, 2026, 12:28 PM | 2 min read

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സമരം ചെയ്ത 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ വൈസ് ചാൻസലർ സിസ തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണ സമിതി റിപ്പോർട്ട്. മതിയായ തെളിവുകളില്ലാതെയാണ് വിദ്യാർത്ഥികളെ രണ്ടുമാസത്തിലേറെയായി സസ്പെൻഷനിൽ നിർത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അന്വേഷണ കമ്മീഷനിലെ കോൺഗ്രസ് അധ്യാപികയായ സിൻഡിക്കേറ്റ് അംഗം ഡോ ജനിത കെ എസ് ആണ് റിപ്പോർട്ട് സമർപ്പിച്ചത്.


വിദ്യാർത്ഥികൾക്കെതിരായ ആക്രമണ ആരോപണങ്ങൾക്ക് തെളിവുകളില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ വിസി പരാതിയിൽ ഉന്നയിച്ചതുപോലുള്ള ആക്രമണങ്ങൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിയേറ്റർ വിദ്യാർത്ഥികളുടെ സ്പോട്ട് ലൈറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് നടത്തിയ പ്രതീകാത്മക ശവസംസ്കാരച്ചടങ്ങ് പ്രതിഷേധത്തിന്റെ ഭാഗമായിരുന്നുവെന്നും അതിനപ്പുറം വിദ്യാർത്ഥികൾ വ്യക്തിപരമായി മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പ്രതിഷേധത്തെ ഒരു സമരമായി മാത്രമാണ് പരിഗണിക്കേണ്ടതെന്നും സമിതി അംഗം ചൂണ്ടിക്കാട്ടുന്നു.


അച്ചടക്ക സമിതിയുടെ അന്വേഷണത്തിൽ വൈസ് ചാൻസലർ ഇടപെട്ടതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. സമിതിക്ക് മുന്നിൽ ഓൺലൈനായി ഹാജരായ വിസി സിസ തോമസ് കൂടുതൽ ഒന്നും പറയാനില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികൾക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സർവകലാശാലയ്ക്ക് മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും അന്വേഷണ സമിതി വ്യക്തമാക്കുന്നു.


മന്ത്രിയുടെ പ്രതികരണവും വിവാദത്തിൽ


അതേസമയം, വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ രംഗത്തെത്തി. ഒരു മലയാളം വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ, 'ലൈറ്റുകളുടെ ശവമഞ്ചമാണ് ഒരുക്കിയത് എന്നത് പൊതുസമൂഹത്തിനു മുന്നിൽ അപഹാസ്യരായപ്പോൾ നിർമിച്ച ക്യാപ്സ്യൂളാണ്. അപരിഷ്കൃത സമരം എന്ന നിലപാടിൽ മാറ്റമില്ല' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.


തെളിവില്ലെന്ന് അന്വേഷണ കമീഷൻ കണ്ടെത്തുകയും വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള അനുമതി ഹൈകോടതി നൽകുകയും ചെയ്തിട്ടും നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ് വകുപ്പ് മന്ത്രിയും കാലടി സർവകലാശാലയും. ഇത് കേരളസമൂഹത്തിനും യുവജനങ്ങൾക്കും അപമാനവും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കല്ലുടിയും വർധിപ്പിക്കുന്നു


62 ദിവസത്തിലേറെയായി സസ്പെൻഷനിൽ; പരീക്ഷയും പ്രതിസന്ധിയിൽ


16 വിദ്യാർത്ഥികളും 62 ദിവസത്തിലേറെയായി സസ്പെൻഷനിൽ തുടരുകയാണ്. ആറുമാസം മാത്രം ദൈർഘ്യമുള്ള സെമസ്റ്ററിൽ രണ്ടുമാസത്തിലധികം വിദ്യാർത്ഥികൾക്ക് പഠനം നഷ്ടമായെന്നാണ് പരാതി. സസ്പെൻഷൻ തുടരുന്നതിനാൽ പഠനവും പരീക്ഷാ നടപടികളും പ്രതിസന്ധിയിലായിരിക്കുകയാണ്.


വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിട്ടും പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ തടസ്സപ്പെടുകയാണെന്നാണ് ആരോപണം. രജിസ്ട്രേഷനായി സർവകലാശാലയുടെ വെബ്സൈറ്റ് തുറന്നുനൽകാത്തതും സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വിസി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതും വിദ്യാർത്ഥികളുടെ പരീക്ഷാ അവസരം അനിശ്ചിതത്വത്തിലാക്കിയത്


വിസിക്കെതിരെ മാധ്യമങ്ങളുടെ വിമർശനവും


വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണയുമായി മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലും പ്രതിഷേധത്തിന്റെ യഥാർഥ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. വൈസ് ചാൻസലറുടെ പ്രതീകാത്മക സംസ്കാരമല്ല, മറിച്ച് നാടക വിഭാഗത്തിൽ ദീർഘകാലമായി പ്രവർത്തനരഹിതമായിരുന്ന ലൈറ്റുകളുടെ പ്രതീകാത്മക സംസ്കാരമാണ് വിദ്യാർത്ഥികൾ നടത്തിയതെന്നാണ് റിപ്പോർട്ടുകളിൽ ദൃശ്യങ്ങൾ സഹിതമാണ് വിശദീകരിക്കുന്നത്.


വിദ്യാർത്ഥികളുടെ പ്രതിഷേധത്തെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിലും അവരുടെ പരീക്ഷാ അവകാശവും പഠനഭാവിയും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കോടതി ഉത്തരവ് ഉണ്ടായിട്ടും പരീക്ഷാഫീസ് അടയ്ക്കാൻ പോലും വിദ്യാർത്ഥികൾക്ക് കഴിയാത്ത സാഹചര്യമാണെന്നും ജയിലിൽ കഴിയവെ പഠിച്ച് അഭിഭാഷകനായ രാജീവ് ഗാന്ധി വധക്കേസ് പ്രതി വരെയുള്ള രാജ്യമാണിതെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു


കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യം


ഹൈക്കോടതി ഉത്തരവ് നടപ്പാക്കി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകണമെന്നും സസ്പെൻഷൻ നടപടി പുനഃപരിശോധിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. വിഷയത്തിൽ മന്ത്രിയും സർവകലാശാല അധികൃതരും അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.


വിദ്യാർത്ഥികളുടെ പഠനവും ഭാവിയും അനിശ്ചിതത്വത്തിലാക്കുന്ന നടപടി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാണെന്നും യുവജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കോടതി ഉത്തരവിനും അന്വേഷണ റിപ്പോർട്ടിനും പിന്നാലെയും പ്രശ്നത്തിന് പരിഹാരമാകാത്തത് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഭരണനടപടികളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home