Deshabhimani

കോടതി ഉത്തരവ് നടപ്പാക്കിയില്ല; കാലടി സർവകലാശാലയിലെ 16 വിദ്യാർഥികൾ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയിലേക്ക്

Kalady University Protest.jpg
വെബ് ഡെസ്ക്

Published on Nov 01, 2026, 01:01 PM | 1 min read

കൊച്ചി: പരീക്ഷ എഴുതാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ നടപടിയിൽ 16 വിദ്യാർഥികൾ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നു. സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് പരീക്ഷ രജിസ്ട്രേഷൻ നടത്താൻ സൗകര്യമൊരുക്കണമെന്ന ഉത്തരവ് സർവകലാശാല പാലിച്ചില്ലെന്നാണ് പരാതി.


സമരത്തിന്റെ പേരിൽ 62 ദിവസമായി സസ്പെൻഷനിൽ കഴിയുകയാണ് 16 വിദ്യാർത്ഥികൾ. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി സർവകലാശാലയുടെ വെബ്സൈറ്റ് തുറന്നുനൽകണമെന്നും പരീക്ഷാഫീസ് സ്വീകരിച്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദേശം.


എന്നാൽ, കോടതി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചിട്ടും രജിസ്ട്രേഷനായി വെബ്സൈറ്റ് തുറന്നുനല്കിയില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ഇതോടെ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമെതിരെ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. തുടർനടപടി ആവശ്യപ്പെട്ട് കാലടി പൊലീസിലും വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.


അതേസമയം, വിദ്യാർത്ഥികൾക്കെതിരായ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളിൽ തീരുമാനമെടുക്കേണ്ടത് സർവകലാശാലയാണെന്നും സർക്കാർ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു.


കോടതി ഉത്തരവിന് പിന്നാലെയും പരീക്ഷാ രജിസ്ട്രേഷൻ നടത്താനാകാത്ത സാഹചര്യം വിദ്യാർത്ഥികളുടെ പഠനത്തെയും പരീക്ഷാ അവസരത്തെയും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home