ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് ഉപയോഗം; മുൻകൂട്ടി അറിയാൻ പുതിയ ഡിജിറ്റൽ സംവിധാനം

ദുബായ് : വേനൽക്കാല യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാനാകുമോയെന്ന് മുൻകൂട്ടി പരിശോധിക്കാനുള്ള പുതിയ ഡിജിറ്റൽ സേവനം അവതരിപ്പിച്ചു. ദുബായ് എയർപോർട്ട്സും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സും ചേർന്നാണ് "സ്മാർട്ട് ഗേറ്റ്സ് എലിജിബിലിറ്റി പ്രീ-ചെക്ക്' സേവനം ആരംഭിച്ചത്.
രാജ്യത്തേക്കെത്തുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കും ഇമിഗ്രേഷൻ കൗണ്ടറിലെത്തുന്നതിനുമുമ്പേ സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാനുള്ള അർഹതയുണ്ടോ എന്ന് നിമിഷങ്ങൾക്കകം പരിശോധിക്കാൻ ഈ സംവിധാനം സഹായിക്കും. ഇതിലൂടെ സാധാരണ പാസ്‌പോർട്ട് പരിശോധനാ കൗണ്ടറുകളിലെ അനാവശ്യ കാത്തിരിപ്പ് കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നിലവിൽ ദുബായ് വിമാനത്താവളത്തിൽ പ്രതിദിനം 2.65 ലക്ഷത്തിലധികം യാത്രക്കാർ എത്തുമെന്നാണ് കണക്ക്. 2025-ൽ 9.52 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത് ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്ഥാനം ദുബായ് വിമാനത്താവളം നിലനിർത്തിയിരുന്നു. 2026-ലും യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.
സേവനത്തിനായി യാത്രക്കാർക്ക് പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല. പോക്കറ്റ് ഫ്ലൈറ്റ്‌സ് എന്ന വിമാനത്താവളത്തിന്റെ തത്സമയ വിവര പ്ലാറ്റ്‌ഫോം വഴിയോ ടെർമിനലുകളിലും ഗേറ്റുകളിലും സ്ഥാപിച്ചിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്തോ സേവനം ഉപയോഗിക്കാം. ഇതിനായി പ്ലാറ്റ്‌ഫോമിലെ സ്മാർട്ട് ഗേറ്റ്‌സ് പ്രീചെക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക. മൊബൈൽ ക്യാമറ ഉപയോഗിച്ച് പാസ്‌പോർട്ടിന്റെ ഫോട്ടോ പേജ് സ്കാൻ ചെയ്യുക.
ഏതാനും നിമിഷങ്ങൾക്കകം സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാനുള്ള അർഹത സംബന്ധിച്ച വിവരം ലഭിക്കും. അർഹതയുള്ളവർക്ക് സാധാരണ ഇമിഗ്രേഷൻ കൗണ്ടറുകൾ ഒഴിവാക്കി നേരിട്ട് സ്മാർട്ട് ഗേറ്റിലൂടെ കടന്നുപോകാനാകും. ഗേറ്റിലെ നിർദേശിച്ച സ്ഥലത്ത് നിൽക്കുകയും മുഖം വ്യക്തമായി കാണിക്കുകയും ചെയ്താൽ ഏതാനും സെക്കൻഡുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാകും. മുഖം തിരിച്ചറിയുന്ന ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സംവിധാനം 2026-ലെ ആദ്യ ആറുമാസത്തിനിടെ 90 ലക്ഷത്തിലധികം യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
യുഎഇ, ജിസിസി പൗരന്മാർ, യുഎഇ താമസവിസക്കാർ, വിസ-ഓൺ-അറൈവൽ സൗകര്യമുള്ളവർ, ഷെൻഗൻ മേഖലയിലെ ചില യാത്രക്കാർ, മുൻകൂട്ടി വിസ നേടിയവർ തുടങ്ങി നിരവധി വിഭാഗം യാത്രക്കാർക്ക് ഈ സേവനം ലഭ്യമാണ്. കൂടാതെ, എഐ അധിഷ്ഠിത "ട്രാവൽ വിത്തൗട്ട് ബോർഡേഴ്സ് – റെഡ് കാർപെറ്റ്' സേവനത്തിലൂടെ യോഗ്യരായ യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ ശരാശരി 12.5 സെക്കൻഡിൽ നിന്ന് 3.4 സെക്കൻഡായി കുറയ്ക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.










0 comments