ad
Deshabhimani

ജന്തര്‍ മന്തര്‍ ശൂന്യം, ആട്ടവും പാട്ടുമായി അവര്‍ ബാക്കി വെച്ചത് കടുത്ത സഹനത്തിന്റെയും ത്യാഗത്തിന്റെയും മായാത്ത ചരിത്രം കൂടി

Jantar mantar rose
വെബ് ഡെസ്ക്

Published on Jul 26, 2026, 05:04 PM | 3 min read

ന്യൂഡൽഹി: മീമുകളും ട്രോളുകളും ജന്തർ മന്തറിലെ പ്രതിഷേധത്തെ രാജ്യശ്രദ്ധയിൽ എത്തിക്കാൻ സഹായിച്ചപ്പോൾ ആയിരങ്ങളാണ് സമരവേദിയിലേക്ക് ഒഴുകി എത്തിയത്. അതുവരെ വിമര്‍ശനങ്ങളിൽ നിന്നും സുരക്ഷിതമായ ദൂരത്തിൽ സര്‍വ്വാധികാരികളായ വാണ ബിംബങ്ങളെ അവര്‍ യുവത്വത്തിന്റെ തനതായ തമാശകളിലൂടെയും പരിഹാസങ്ങളിലൂടെയും തച്ചുടച്ചു. എന്നാൽ ദിവസങ്ങളോളം ഈ സമരത്തെ സജീവമാക്കി നിലനിർത്തിയതിന് പിന്നിൽ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കാത്ത സാധാരണക്കാരായ ചെറുപ്പക്കാരുടെ വിയർപ്പും, വിശപ്പും, സഹനശക്തിയും ഉണ്ടായിരുന്നു.


ഒടുവിൽ കേന്ദ്ര സർക്കാരിന് നയങ്ങൾ തിരുത്തേണ്ടി വന്നതും ഒരു മന്ത്രിക്ക് രാജിവെക്കേണ്ടി വന്നതും പ്രക്ഷോഭകരുടെ ഈ നിശബ്ദ ത്യാഗത്തിന് മുന്നിൽ കൂടിയാണ്. അല്പം പോലും പ്രകോപിതരാവാതെ, തക്കം പാര്‍ത്തു നിന്ന രഹസ്യ പൊലീസിനും സായുധ ആക്രമണങ്ങൾക്കും മുന്നിലും തളരാതെ തുടര്‍ന്ന് സമരത്തെ കാത്തവര്‍.


പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ആരംഭിച്ച നിരാഹാര സമരവും, തുടർന്ന് ജൂലൈ 20-ന് നടപ്പിലാക്കിയ 'ചലോ സംസദ്' മാർച്ചുമാണ് പ്രക്ഷോഭത്തിൻ്റെ വഴിത്തിരിവായത്. സമരം അടിച്ചമർത്താൻ പോലീസ് ലത്തിച്ചാർജ്ജും കണ്ണീർവാതകവും പ്രയോഗിച്ചതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ പോലും ഈ മുന്നേറ്റത്തിൻ്റെ ഭാഗമായി. വേദനകളും അപമാനങ്ങളും അവരുടെ ഉള്ളിലെ പ്രതിഷേധ തീ കൂടുതൽ ആളിക്കത്തിച്ചു.


കിടന്നത് തെരുവോരത്ത്

പ്രാഥമിക കൃത്യങ്ങൾ പോലും മുടങ്ങി


ഡൽഹിയിൽ കഠിനമായ ജൂലൈ ചൂട് വിദ്യാര്‍ഥികളുടെ സഹന ശക്തിയുമായി മത്സരത്തിലായിരുന്നു. ചൂടും ഈർപ്പമുള്ള അന്തരീക്ഷത്തിലും ആയിരക്കണക്കിന് സമരക്കാരാണ് സിമൻ്റ് നടപ്പാതകളിൽ ഉറങ്ങിയത്. പലരും അല്പം കടലാസ് പെട്ടികളോ ചെറിയ വിരിപ്പുകളോ വിരിച്ചാണ് രാത്രികൾ തള്ള നീക്കിയത്.


പ്രധാന വേദിക്ക് സമീപമുള്ള കുറച്ചു ഫാനുകൾ ഒഴിച്ചാൽ ബാക്കിയുള്ളവർക്ക് നേരിയ കാറ്റ് പോലും ആഡംബരമായിരുന്നു. സ്വന്തം ബാഗുകൾ തലയിണയാക്കി മാറ്റിയാണ് പലരും സാധനങ്ങൾ സംരക്ഷിച്ചത്. സന്നദ്ധ പ്രവര്‍ത്തര്‍ വിശറി ഉപയോഗിച്ച് ഓടി നടന്ന് ആശ്വാസം നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കുട്ടികൾക്ക് എത്തിച്ചു.


തട്ടുകടക്കാര്‍ വരെ ലാഭവും നഷ്ടവും നോക്കാതെ അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും നൽകി. അത്രയും വാത്സല്യത്തോടെയും ഇഷ്ടത്തോടെയുമായിരുന്നു അവരെ ചേര്‍ത്തു പിടിച്ചത്. ഡൽഹി പൊലീസും ഗോദി മീഡിയയും സംഘി ഗുണ്ടകളും ഇടയ്ക്ക് തീര്‍ത്ത അസ്വസ്ഥതകളിലും പ്രകോപനങ്ങളിലും അവര്‍ വീണില്ല.


ഇൻസ്റ്റാഗ്രാമിലും എക്‌സിലും ദശലക്ഷക്കണക്കിന് ആളുകൾ കണ്ട മീമുകൾ സമരം രാജ്യമെമ്പാടും എത്തിച്ചെങ്കിലും, ജന്തർ മന്തറിലെ യഥാർത്ഥ ജീവിതം ദുരിതപൂർണ്ണവുമായിരുന്നു. ഡിജിറ്റൽ ലോകം ആഘോഷിച്ച കളിയും ചിരിയും നിറഞ്ഞ ചിത്രങ്ങൾക്ക് പിന്നിൽ കനത്ത ചൂടും ദാഹവും അഴുക്കുചാലുകളുടെ ദുർഗന്ധവും പേറി തെരുവിൽ അടിയുറച്ചുനിന്ന ഒരു വലിയ ജനക്കൂട്ടമുണ്ടായിരുന്നു. ജൂൺ 28-ന് ആരംഭിച്ച സമരം ഡൽഹിയിലെ കൊടും ചൂടിലും മഴയിലുമാണ് മുന്നോട്ടുപോയത്. വീടുകളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ജന്തർ മന്തറിലെ കോൺക്രീറ്റ് നടപ്പാതകളിൽ നിരന്നു. അവര്‍ക്ക് ശൗചാലയങ്ങൾ പോലും ഉണ്ടായിരുന്നില്ല.


വേദനകളെ സമരതീഷ്ണമായ

ഓര്‍മ്മകളാക്കി


പലരും പ്രഥമിക കൃത്യങ്ങൾ നിര്‍വ്വഹിക്കാൻ കഴിയാതെ കുഴഞ്ഞു. പൊതു കേന്ദ്രങ്ങൾക്ക് മുന്നിൽ ക്യൂ നിന്ന് വലഞ്ഞു. അത്രയും പേരെ ഉൾക്കൊള്ളാനുള്ള ശേഷിയില്ലാത്തതും ഡൽഹി ഭരണാധികാരികളുടെ ഇക്കാര്യത്തിലെ നിസ്സഹകരണവും ഒന്നിച്ചപ്പോൾ പലര്‍ക്കും ഇൻഫക്ഷൻ ബാധിച്ചു. പ്രത്യേകിച്ചും പെൺകുട്ടികൾ പലരും ചികിത്സ തേടേണ്ടിയും വന്നു.


യാത്ര സൗകര്യവും ഇന്റര്‍ നെറ്റ് സൗകര്യവും നിഷേധിക്കപ്പെട്ടിട്ടും തളര്‍ന്നില്ല. നടന്നും ചങ്ങാതിമാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായം തേടിയുമാണ് സമര വേദിയിൽ എത്തിയതും തിരിച്ചതും. ജന്തർമന്തറിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മൊബൈൽ ഇന്റർനെറ്റ് വിലക്ക് അഞ്ച് ദിവസത്തിന് ശേഷം ശനിയാഴ്ച മാത്രമാണ് പുനസ്ഥാപിച്ചത്. യു പി ഐ സൗകര്യവും പ്രവര്‍ത്തന രഹിതമായതോടെ കുടിവെള്ളം പോലും സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിച്ചു നൽകി. നിയമ പ്രശ്നം മറികടക്കാൻ എഴുതവണയാണ് ഇന്റര്‍ നെറ്റ് ബാൻ ഉത്തരവ് ആവര്‍ത്തിച്ചത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡിജിറ്റൽ അവകാശ സംഘടനയായ സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ ഇന്ത്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടും വിദ്യാര്‍ഥികളുടെ ആശയ വിനിമയം കരുക്കിലാക്കി.


എസ് എഫ് ഐ, ഐസ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും കേരളത്തിൽ നിന്നള്ളവര്‍ ഉൾപ്പെടെ എം പിമാരും സമര സ്ഥലത്ത് ഓരോ തവണയായി എത്തിയത് അവര്‍ക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് പകര്‍ന്നു. പ്രധാനമായും ഇടതുപക്ഷ സംഘടനകളും പ്രവര്‍ത്തകരുമാണ് വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ഇറങ്ങി അവര്‍ക്കൊപ്പം ഉടനീളം തുടര്‍ന്നത്.


നിത്യ വേദനകൾ ഏറ്റുവാങ്ങിയവരും


പൊലീസ് മര്‍ദ്ദനത്തിനും അതിക്രമങ്ങൾക്കും ഇരയായവര്‍ ഇപ്പോഴും വേദന അനുഭവിച്ച് കഴിയുകയാണ്. പെല്ലെറ്റ് പ്രയോഗം കാരണം ഒരു വിദ്യാര്‍ഥിക്ക് കാഴ്ച നഷ്ടമായി. പലരും ജീവിത കാലം മുഴുവൻ ഈ ചീളുകൾ ശരീരത്തിൽ പേറേണ്ട ഭീഷണിയിലാണ്. ഒരു പെൺകുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. അവരെല്ലാം പൊതു സമൂഹത്തിന്റെ അറിവിലും അറിയാതെയും ഏറ്റുവാങ്ങിയ പീഡനങ്ങൾ ചരിത്രത്തിലെ സമര തീഷ്ണമായ ഓര്‍മ്മയായി ഏറ്റുവാങ്ങി. ഓരോരുത്തരുടെയും ഉള്ളിൽ ജാനാധിപത്യത്തിനായുള്ള പോരാട്ടത്തിന്റെ അഗ്നി പകര്‍ന്നു. ഫാസിസ്റ്റ് ഭരണ നയങ്ങൾക്കെതിരായ കെടാത്ത കനലുകൾ നിറച്ചു.


"ഈ രാജി ജനധിപത്യത്തിൻ്റെയും ഭയമില്ലാതെ തെരുവിൽ പോരാടിയ വിദ്യാർത്ഥികളുടെയും വിജയമാണ്. അധികാരികൾക്ക് മുന്നിൽ മുട്ടുമടക്കാതിരുന്നാൽ ഏത് വലിയ അധികാരത്തെയും ജനങ്ങൾക്ക് തിരുത്തിക്കാൻ കഴിയുമെന്നതിൻ്റെ തെളിവാണിത്." — എന്നാണ് അഭിജിത് ദീപ്കെ പ്രതികരിച്ചത്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home