ad
Deshabhimani

വഖഫ്‌ വിശദീകരണ യോഗം

ലീഗ് അനുകൂലികളുടെ 
നീക്കത്തിന്‌ സമസ്തയുടെ വിലക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2026, 12:12 AM | 1 min read

സ്വന്തം ലേഖകൻ

മലപ്പുറം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായ ഉമ്മര്‍ ഫൈസി മുക്കത്തിനെതിരെ പ്രചാരണം നടത്താന്‍ സംഘടനയിലെ മുസ്ലിംലീഗ് അനുകൂലികള്‍ നടത്താനിരുന്ന വഖഫ് വിശദീകരണ സമ്മേളനത്തിന് നേതൃത്വത്തിന്റെ വിലക്ക്. ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിയെ ഉദ്ഘാടകനാക്കി വെള്ളിയാഴ്ച വൈകിട്ട് മലപ്പുറം ടൗണ്‍ ഹാളില്‍ നടത്താനിരുന്ന പൊതുയോഗമാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിലക്കിയത്. 23ന് ചേരുന്ന കേന്ദ്ര മുശാവറ യോഗം കഴിയുന്നതുവരെ ഉമ്മര്‍ ഫൈസി മുക്കത്തിനെതിരായ എല്ലാ നീക്കങ്ങളും അവസാനിപ്പിക്കണമെന്നാണ്‌ സമസ്ത സെക്രട്ടറി എം ടി അബ്ദുള്ള മുസ്ല്യാര്‍ മുഖേന കത്ത് നല്‍കിയത്‌. ഇതോടെ സമസ്ത നേതൃത്വവുമായി കൂടിയാലോചിക്കാതെ നടത്താനിരുന്ന വിശദീകരണ സമ്മേളനം താല്‍ക്കാലികമായി റദ്ദാക്കിയതായി സംഘാടകരായ അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, മായീന്‍ ഹാജി എന്നിവര്‍ അറിയിച്ചു. സിപിഐ എം നേതൃത്വത്തില്‍ ആഗസ്ത് 23ന് മലപ്പുറത്ത് നടത്തിയ വഖഫ് സെമിനാറില്‍ ഉമ്മര്‍ ഫൈസി മുക്കം പങ്കെടുത്തിരുന്നു. എൽഡിഎഫ്‌ സർക്കാർ വഖഫ്‌ വിഷയത്തിൽ കൃത്യമായ നിലപാടെടുത്തത്‌ അദ്ദേഹം സെമിനാറിൽ തുറന്നുപറഞ്ഞിരുന്നു. ലീഗ്‌ വിശ്വാസികളുടെ താൽപ്പര്യം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉമ്മര്‍ ഫൈസിക്കെതിരെ അന്നുമുതല്‍ സമസ്തയിലെ ലീഗ് അനുകൂലികള്‍ പോരിനിറങ്ങി. അദ്ദേഹത്തെ ഭാരവാഹി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും ലീഗ്‌ അനുകൂലികൾ ആവശ്യമുന്നയിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിർദേശത്തെത്തുടർന്നാണ്‌ പരസ്യനീക്കങ്ങൾ താൽക്കാലികമായി അടങ്ങിയത്‌. ഇതിനുപിന്നാലെയാണ്‌ വഖഫ് വിഷയത്തില്‍ സിപിഐ എം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുകാട്ടി ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ച് മറുപടി സമ്മേളനം നടത്താന്‍ തീരുമാനിച്ചത്‌. രണ്ട്‌ അമുസ്ലിങ്ങളെ വഖഫ്‌ ബോർഡിൽ ഉൾപ്പെടുത്താമെന്ന്‌ കോടതിയിൽ സത്യവാങ്മൂലം നൽകിയ യുഡിഎഫ്‌ സർക്കാരിനെ വെളുപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ഉമ്മർ ഫൈസി മുക്കത്തിനെതിരായ നീക്കങ്ങൾക്ക്‌ ശക്തികൂട്ടുകയും ലക്ഷ്യമിട്ടു. പരിപാടിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമസ്‌ത നേതൃത്വം കത്ത് നല്‍കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home