print edition ഇരുണ്ടകാലം മടങ്ങിവന്നു; മുന്നിറയിപ്പില്ലാത്ത മുടക്കം പതിവ്

കൊച്ചി എളമക്കര എട്ടുകാട് ടെംപിൾ റോഡിലെ വീട്ടിൽ കിടപ്പുരോഗിയായ സഹോദരന് പവർകട്ട് സമയത്ത് വീശിക്കൊടുക്കുന്നയാൾ ഫോട്ടോ: സുനോജ് നൈനാൻ മാത്യു
തിരുവനന്തപുരം : തുടർച്ചയായ പത്താംദിവസവും മുന്നറിയിപ്പില്ലാത്ത ലോഡ് ഷെഡിങ്ങില്‍ വലഞ്ഞ് കേരളം. ബുധനാഴ്‌ച വിവിധ സമയങ്ങളിൽ വൈദ്യുതി മുടങ്ങിയത് നാല് തവണ. തലസ്ഥാനത്ത് രാത്രി 7.30, 8.30, 9.30, 12.50 സമയങ്ങളിലായിരുന്നു അര മണിക്കൂർ, ഒരു മണിക്കൂർ ദൈർഘ്യമുള്ള അപ്രതീക്ഷിത വൈദ്യുതിമുടക്കം. വിവിധ ജില്ലകളിൽ പല സമയത്തായിരുന്നു.
വൈകിട്ട് 6.30 മുതൽ രാത്രി 12 വരെ പീക് ടൈംമിൽമാത്രം നിയന്ത്രണമുണ്ടാകുമെന്ന പ്രഖ്യാപനം കള്ളമായിരുന്നെന്ന് ഇതോടെ വെളിവായി. വ്യാഴം മുതൽ വൈകിട്ട് 6.45നും രാത്രി 12.45നും ഇടയ്‌ക്ക് നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്‌ഇബിയുടെ പുതിയ അറിയിപ്പ്. ‘എനർജി കൺസർവേഷൻ പീക്ക് അവർ മാനേജ്‌മെന്റ്’ എന്നാണ് പവർകട്ടിന് യുഡിഎഫ് വൃത്തങ്ങൾ നൽകിയ ഓമനപ്പേര്.
യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പാളിച്ചയാണ് പവർകട്ടിനും ലോഡ് ഷെഡിങ്ങിനും കാരണം. 2015–16ൽ പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ 313 കോടി രൂപ നഷ്‌ടത്തിലായിരുന്നു കെഎസ്‌ഇബി. 2021–22ൽ 736 കോടിയുടെ പ്രവർത്തന ലാഭത്തിലെത്തിച്ചു. 2023–24ൽ 218 കോടി, 2024–25ൽ 571 കോടി എന്നിങ്ങനെയായിരുന്നു പ്രവർത്തനലാഭം. വൈദ്യുതി വാങ്ങുന്നതിലെ ചെലവുകുറച്ചും ആഭ്യന്തര ഉൽപ്പാദനം കൂട്ടിയും പ്രസരണനഷ്‌ടം കുറച്ചുമാണ് മുന്നേറിയത്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ സംസ്ഥാന ഊർജ കാര്യക്ഷമതാ സൂചികയിൽ അക്കാലത്ത് കേരളം തുടർച്ചയായി മുന്നിലുമെത്തി. നിതി ആയോഗിന്റെ സംസ്ഥാന എനർജി ആൻഡ് ക്ലൈമറ്റ് ഇൻഡക്സിൽ (2022) രണ്ടാമതുമെത്തിയിരുന്നു.









0 comments