രുചിയിലും തീർഥയാണ് നായിക


സ്വന്തം ലേഖകൻ
Published on Sep 11, 2026, 01:03 AM | 1 min read
കരുനാഗപ്പള്ളി
ആലപ്പാട് അഴീക്കൽ ബീച്ചിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് പുഞ്ചിരിക്കുന്ന ഒരു മുഖവും അവിടുത്തെ രുചിയേറിയ വിഭവങ്ങളും മറക്കാനാവില്ല. ചെറുപ്രായത്തിനുള്ളിൽ രണ്ട് സിനിമകളിൽ നായികയായി അഭിനയിച്ച വവ്വാക്കാവ് കുറുങ്ങപ്പള്ളി കറുകത്തറയിൽ തീർഥയാണ് രുചിയിടത്തും നായികയാകുന്നത്. അമ്മയുമൊത്ത് ആറുമാസം മുമ്പാണ് ബീച്ചിൽ വൈവിധ്യമാർന്ന ജ്യൂസും ഷാർജയും ഉൾപ്പെടുന്ന വിഭവങ്ങൾ വിൽക്കുന്ന ‘മോമി ക്യൂ മി’ ആരംഭിക്കുന്നത്. വിഷരഹിതമായ, വീട്ടിൽ തന്നെ ശേഖരിക്കുന്ന പഴവർഗങ്ങൾ ഉപയോഗപ്പെടുത്തിയാണ് ജ്യൂസ് ഉൾപ്പടെയുള്ളവ തയ്യാറാക്കുന്നത്. നിരവധി ഷോപ്പുകളിലും ഇപ്പോൾ ഈ ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കുണ്ട്. ഇതോടെ നിരവധിപേർ തീർഥയുടെ സ്ഥാപനം തേടിയെത്തുന്നു. നിലവിൽ ബൺ മസ്ക, മൊട്ട കാന്താരി തുടങ്ങിയവയും കടയിൽ ലഭ്യമാണ്. ഇതിനിടെ അമ്മ രശ്മിക്ക് ഒരു സർജറി വേണ്ടി വന്നതോടെ കടയുടെ നടത്തിപ്പും മറ്റു ചുമതലകളും തീർഥയ്ക്കായി. അമ്മാവന്റെ മകളും ഇടയ്ക്ക് സഹായത്തിന് എത്തും. സ്ഥാപനത്തിനൊപ്പംതന്നെ അഭിനയവും വളരുകയാണ്. അഞ്ചാം ക്ലാസിൽ ചെറിയ ടിക് ടോക് വീഡിയോകളും റീലുകളും ചെയ്ത് ശ്രദ്ധ നേടിയിരുന്നു. 12 വയസ്സുള്ളപ്പോൾ അച്ഛന് പക്ഷാഘാതം വന്നതോടെ പ്രതിസന്ധിയിലായ കുടുംബത്തിന് തീർഥയുടെ റീലുകൾക്ക് കിട്ടിയ ചെറിയ വരുമാനം തുണയായി മാറി. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ ടെലിവിഷൻ സീരിയലിലേക്ക് ക്ഷണം ലഭിക്കുന്നത്. സൂര്യ ടിവി സംരക്ഷണം ചെയ്ത 'കനൽ പൂവാ'യിരുന്നു ആദ്യ ടെലിവിഷൻ പരമ്പര. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ആദ്യസിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. അംല ജലീൽ സംവിധാനം ചെയ്ത കരിമ്പടം ആയിരുന്നു അത്. ശിവലാൽ തേവലക്കര സംവിധാനം ചെയ്ത ഐക്യു എന്ന ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിച്ചിരിക്കുകയാണ്. ഷോബി തിലകനും, കിച്ചു തില്ലസും, അരിസ്റ്റോ സുരേഷ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും ഈ ചിത്രത്തിലുണ്ട്. ജില്ലാതലത്തിൽ ബാഡ്മിന്റണ്‍ താരമായിരുന്ന തീർഥ കുതിരയോട്ടവും കളരിയുമെല്ലാം അഭ്യസിച്ചിട്ടുണ്ട്. പ്ലസ് ടു പഠനം പൂർത്തിയാക്കി വെറ്റിനറി സർജനാകണം എന്നതാണ് ആഗ്രഹം. അതിനുള്ള പണം അഭിനയത്തിലൂടെയും ചെറു സംരംഭത്തിലൂടെയും കണ്ടെത്തും എന്ന് ഈ പെൺകുട്ടി ആത്മവിശ്വാസത്തോടെ പറയുന്നു. അച്ഛൻ: ഹരി. അമ്മ: രശ്മി.










0 comments