അരിയിൽ പുഴു: സപ്ലൈകോ ഗോഡൗണിലേക്ക് സിപിഐ എം മാർച്ച് നടത്തി

സിപിഐ എം ഏരിയ കമ്മിറ്റി മൂവാറ്റുപുഴ ഒറവക്കുഴിയിലെ സപ്ലൈകോ ഗോഡൗൺ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
റേഷൻകടകളിൽ വിതരണത്തിനെത്തിച്ച അരിയിൽ പുഴു കണ്ടെത്തിയതിനെ തുടർന്ന് മൂവാറ്റുപുഴ സപ്ലൈകോ ഡിപ്പോ ഗോഡൗണിലേക്ക് സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. കീച്ചേരിപ്പടിയിൽനിന്ന് തുടങ്ങിയ മാർച്ച് ഗോഡൗൺ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. എം എ സഹീർ അധ്യക്ഷനായി. യു ആർ ബാബു, സി കെ സോമൻ, സജി ജോർജ്, ആർ രാകേഷ്, കെ ജി അനിൽകുമാർ, കെ ടി രാജൻ തുടങ്ങിയവർ സംസാരിച്ചു.
സിപിഐ എം നേതാക്കൾ ഡിപ്പോ ഗോഡൗൺ മാനേജർ ജി അനിൽകുമാറുമായി സംസാരിച്ചു. മാവേലി സ്റ്റോറുകൾക്കും സൂപ്പർമാർക്കറ്റുകൾക്കും സമീപത്തെ സ്കൂളുകൾക്കും ഇവിടെനിന്നാണ് അരിയും മറ്റുസാധനങ്ങളും വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 10 ദിവസംമുമ്പാണ് മാനേജർ ഇവിടെ ചുമതലയേറ്റത്. ഗുണനിലവാരം ഉറപ്പാക്കിയശേഷമേ ഇവ വിതരണം ചെയ്യുകയുള്ളൂവെന്ന് മാനേജർ ഉറപ്പുനൽകി. നേതാക്കളുടെ ആവശ്യത്തെ തുടർന്ന് ഗോഡൗണിലെ അരി ഉദ്യോഗസ്ഥർ പരിശോധിച്ചു.
തൃക്കളത്തൂർ എൻഎഫ്എസ്എ ഗോഡൗണിൽനിന്ന് കഴിഞ്ഞദിവസങ്ങളിൽ വാഴക്കുളത്തെ റേഷൻകടകളിൽ വിതരണത്തിനെത്തിച്ച അരിയിൽ പുഴുക്കളെ കണ്ടതിനെ തുടർന്ന് എൽഡിഎഫ് പ്രവർത്തകരും റേഷൻകാർഡ് ഉടമകളും തടഞ്ഞു. തുടർന്ന് കടകളിലിറക്കിയ അരി തിരികെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. ഇതേത്തുടർന്നായിരുന്നു സമരം.









0 comments