ad
Deshabhimani

print edition ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട്‌ മുന്നേറ്റം; യുഎസ്‌ സഖ്യത്തെ വിറപ്പിച്ച് ഹൂതിസേന

Bab-el-Mandeb
വെബ് ഡെസ്ക്

Published on Sep 11, 2026, 02:00 AM | 2 min read

മനാമ : പശ്ചിമേഷ്യയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ സഖ്യത്തിന്‌ കനത്ത പ്രഹരമേൽപ്പിച്ച് യമനിലെ ഹൂതികൾ ചെങ്കടൽ തീരത്ത് വൻ മുന്നേറ്റം നടത്തുന്നു. ആഗോളവ്യാപാരത്തിന്റെ തന്ത്രപ്രധാന കവാടമായ ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ലക്ഷ്യമിട്ടാണ്‌ ഹൂതികളുടെ നീക്കം. തന്ത്രപ്രധാനമായ തുറമുഖ നഗരമായ മോഖയുടെ നിയന്ത്രണം ഹൂതി സേന പിടിച്ചെടുത്തു. മണിക്കൂറുകള്‍ നീണ്ട യുദ്ധത്തിനൊടുവിൽ യമന്‍ സര്‍ക്കാര്‍ സൈന്യം തെക്ക് ബാബ് അല്‍-മന്ദബ് കടലിടുക്കിന് സമീപമുള്ള തീരദേശ മേഖലയായ ദുബാബിലേക്ക് പിന്‍വാങ്ങി.


ചെങ്കടലിനെ ഏദന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ സമുദ്രപാതയായ ബാബ് അല്‍ മന്ദബില്‍നിന്ന് വെറും 70 കിലോമീറ്റര്‍ മാത്രം അകലെയാണ് മോഖ നഗരം. ഹോർമുസ്‌ കടലിടുക്കിലെ സംഘർഷാവസ്ഥക്കൊപ്പം ബാബ്‌ അൽ മന്ദബിലും നിയന്ത്രണം നഷ്‌ടമാകുന്നത്‌ പാശ്ചാത്യചേരിക്ക്‌ വൻ തിരിച്ചടിയാകും. ലോകവ്യാപാരത്തിന്റെ 10 മുതൽ 12 ശതമാനം വരെ കടന്നുപോകുന്ന ഗതാഗതം നിയന്ത്രിക്കാൻ ഹൂതികൾക്ക് സാധിച്ചാൽ ആഗോളവിപണിയിൽ വൻ ആഘാതമുണ്ടാകും. മോഖ പിടിച്ചെടുത്തതിന് പിന്നാലെ, തെക്കന്‍ ചെങ്കടലിലെ തന്ത്രപ്രധാനമായ സുഖര്‍ ദ്വീപില്‍ ഹൂതികള്‍ ബോട്ടുകളിലെത്തി ആക്രമണം നടത്തി. ദ്വീപിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു.


ഹൂതികൾക്കെതിരെ സൈനിക നടപടി തുടരുന്ന യുഎസ് അനുകൂല യമൻ സർക്കാരിന് കനത്ത തിരിച്ചടിയാണിത്‌. തെക്കൻ തുറമുഖമായ ഹുദൈദ വഴി യമൻ സർക്കാരിന് ലഭിക്കുന്ന സൗദി അറേബ്യയുടെ സൈനിക സഹായങ്ങളെ തടയാൻ ഹൂതികൾക്ക് കഴിയും. തെക്കൻ–-മധ്യ പ്രവിശ്യകളായ അൽ-ബൈദ, അൽ-ദാലെ എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് അനുകൂല സൈന്യത്തിന്റെ മൂന്ന് പ്രധാന വിതരണ ശൃംഖലകളും ഹൂതികൾ ഇതിനകം വിച്ഛേദിച്ചു. തായിസിലും ഹുദൈദയിലും പോരാട്ടം അതിശക്തമായി. നൂറുകണക്കിനുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഹൂതികളുടെ മുന്നേറ്റത്തിൽ ആശങ്കയിലായ സൗദി അറേബ്യ യമനിലേക്ക്‌ നാല്പതോളം വ്യോമാക്രമണങ്ങൾ നടത്തി.


2022 ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം യമനില്‍ ഉണ്ടാകുന്ന ഏറ്റവും രൂക്ഷമായ സൈനിക വികാസമാണിത്. 2014 അവസാനത്തോടെ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലകള്‍ ഹൂതികള്‍ പിടിച്ചെടുത്തതോടെയാണ് യമനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. തുടര്‍ന്ന്, അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യമന്‍ സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് 2015-ലാണ് സൗദി സഖ്യസേന ഇവിടെ ഇടപെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home