ad
Deshabhimani

print edition കൊച്ചി കപ്പല്‍ശാലയുടെ അറ്റകുറ്റപ്പണി കേന്ദ്രം സ്വകാര്യ കമ്പനിക്ക്

kochi
avatar
സന്തോഷ്‌ബാബു

Published on Sep 11, 2026, 02:23 AM | 1 min read

കൊച്ചി : കൊച്ചി കപ്പല്‍ശാലയുടെ വില്ലിങ്ഡൺ ഐലൻഡിലെ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്ര (ഐഎസ്ആര്‍എഫ്)ത്തിന്റെ പ്രവര്‍ത്തനവും നടത്തിപ്പും ദുബായ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കൈമാറുന്നു. ഇതിനായി കപ്പല്‍ശാല ഡ്രൈഡോക്സ് വേള്‍ഡ് ദുബായുമായി സംയുക്തസംരംഭം പ്രഖ്യാപിച്ചു. 50:50 പങ്കാളിത്തത്തോടെയുള്ള സംയുക്ത സംരംഭ രൂപീകരണത്തിന് ഡയറക്ടര്‍ബോര്‍ഡ് അംഗീകാരം നല്‍കിയതായി കമ്പനി, ഓഹരി എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നടത്തിപ്പുകാരായ ഡിപി വേള്‍ഡിന്റെ ഭാഗമാണ് ഡ്രൈഡോക്സ് വേള്‍ഡ്.


കൊച്ചി ആസ്ഥാനമായി സ്വകാര്യ ലിമിറ്റഡ് കമ്പനി രൂപീകരിക്കാനാണ് പദ്ധതി. ഇതില്‍ ദുബായ് കമ്പനിക്കായിരിക്കും മേൽക്കൈ. അഞ്ചംഗ ‍ഡയക്ടര്‍ ബോര്‍ഡില്‍ സിഇഒ, സിഎഫ്ഒ, സിഒഒ പോലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അവകാശവും അവര്‍ക്കായിരിക്കും. രണ്ട് ഡയറക്ടര്‍മാരെ കപ്പല്‍ശാല നാമനിര്‍ദേശം ചെയ്യും.


കമ്പനിക്ക് നിശ്ചിത തുക കണക്കാക്കി വില്‍ക്കുന്ന "സ്ലംപ് സെയിൽ' രീതിയിലായിരിക്കും കൈമാറ്റം. 1800 കോടി രൂപയാണ് മൂല്യം നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ പകുതി കപ്പല്‍ശാലയ്ക്ക് പണമായും ബാക്കി പുതിയ സ്വകാര്യ സംരംഭത്തിലെ ഓഹരികളായും ലഭിക്കും. സംയുക്ത സംരംഭ കരാർ വെള്ളിയാഴ്ചയും മറ്റു കരാറുകള്‍ കമ്പനി രൂപീകരിച്ചശേഷവും ഒപ്പുവയ്ക്കും. നടപ്പ് സാമ്പത്തികവര്‍ഷംതന്നെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍നിര്‍മാണശാല സ്വകാര്യവൽക്കരിക്കുന്നതിന് കേന്ദ്രം ഘട്ടംഘട്ടമായി നടത്തുന്ന ഓഹരി വില്‍പ്പനയുടെ തുടര്‍ച്ചയാണ് ഈ കൈമാറ്റമെന്നും ആക്ഷേപമുയർന്നു.


കൊച്ചി തുറമുഖ ട്രസ്റ്റില്‍നിന്ന് 60 വര്‍ഷത്തെ പാട്ടത്തിനെടുത്ത 30 ഹെക്ടറിൽ 970 കോടി ചെലവഴിച്ചാണ് കപ്പല്‍ശാല 2024 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഐഎസ്ആര്‍എഫ് വികസിപ്പിച്ചത്. 2025–-26 സാമ്പത്തിക വർഷം സ്ഥാപനം 207.33 കോടിയുടെ വരുമാനം നേടി. ഇത് കപ്പല്‍ശാലയുടെ ആകെ വരുമാനത്തിന്റെ 4.81 ശതമാനമാണ്. 130 മീറ്ററിൽ താഴെ നീളവും 6,000 ടണ്ണിൽ താഴെ ഭാരവുമുള്ള വാണിജ്യ-, നാവികസേനാ കപ്പലുകളുടെ ഡ്രൈ-ഡോക്കിങ്‌, പരിപാലനം, അറ്റകുറ്റപ്പണി എന്നിവയാണ് ഐഎസ്ആര്‍എഫ് നിർവഹിക്കുന്നത്. ഒരേസമയം ആറ് കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താനും വര്‍ഷം 82 കപ്പലുകള്‍വരെ കൈകാര്യം ചെയ്യാനും ശേഷിയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home