ഉദുമ റെയിൽവേ മേൽപ്പാലം നിർമാണത്തിൽ മെല്ലെപ്പോക്ക്; പ്രതിഷേധം ശക്തം

ഉദുമ ഉദുമ റെയിൽവേ മേൽപ്പാലം നിർമാണ നടപടിയുടെ മെല്ലെ പോക്കിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ കിഫ്ബി പദ്ധതിയിൽപ്പെടുത്തി 36.56 കോടി രൂപ അനുവദിച്ച് പ്രാഥമിക നടപടികൾ പൂർത്തിയാക്കി അതിർത്തിക്കല്ല് സ്ഥാപിക്കുകയും, സ്ഥലം ഏറ്റെടുക്കൽ നടപടിക്കായി 50 ലക്ഷം രൂപ കിഫ്ബിയിൽനിന്നു റവന്യുവിന് കൈമാറുകയും ചെയ്തിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന്ശേഷം തുടർനടപടിയില്ല. നാട്ടുകാർ ജനീക കമ്മിറ്റി രൂപീകരിച്ച് മേൽപ്പാലത്തിനായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് 2020 ഫെബ്രുവരി 11ന് ഉദുമ റെയിൽവേ മേൽപ്പാല പദ്ധതിയുടെ ഡിപിആർ കിഫ്ബി 36.56 കോടി ചെലവിൽ അംഗീകരിച്ചത്. തുടർന്നു പദ്ധതിയുടെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് (ജിഎഡി) റെയിൽവേ 2024 മാർച്ച് 16-ലാണ് അംഗീകാരം നൽകുന്നത്. 2024 മെയ് രണ്ടിന് ഭൂമിയേറ്റെടുപ്പിനുള്ള പ്ലാൻതയ്യാറാക്കി ജില്ലാ കലക്ടർക്ക് സമർപ്പിച്ചു. ഇതിനു റവന്യൂ വകുപ്പിന്റെ ഭരണാനുമതി 2025 ജനുവരി 15-ന് ലഭിക്കുകയുംചെയ്തു. അതിർത്തിക്കല്ലുകൾ സ്ഥാപിക്കുകയും 2025 മാർച്ച് അഞ്ചിന് സംയുക്ത സ്ഥലപരിശോധന നടത്തുകയുംചെയ്തു. 2025 ഓഗസ്റ്റ് 11-ന് ഭൂമിയേറ്റെടുപ്പ് നടപടികൾക്കായുള്ള ആകസ്മിക ചെലവിനത്തിൽ അൻപത് ലക്ഷം (50 ലക്ഷം) രൂപ കിഫ്ബിയിൽനിന്ന് ഭൂമി ഏറ്റെടുക്കൽ ഓഫിസർക്ക് കൈമാറുകയും ചെയ്തു. സാമൂഹിക ആഘാത പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുള്ള 4(1) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ റവന്യുവിൽ നിന്ന് അംഗീകരിച്ചു വരണം. യുഡിഎഫ് സർക്കാർ അനാസ്ഥ തുടരുകയാണ്. ജില്ലയിലെ തീരദേശ മേഖലയിലെ പ്രധാന നഗരമാണ് ഉദുമ. അനുദിനം വാഹനങ്ങൾ വർധിച്ചുവരുകയും സർക്കാർ ഇതര സ്ഥാപനങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും, അതിനനുസൃതമായ തിരക്കും നഗരത്തിൽ കൂടിയത് അനുസരിച്ച് റെയിൽവേ മേൽപ്പാലം ഒരുക്കാത്തതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ട്രെയിൻ കടന്നുപോകുന്നതിനു മുമ്പ് റെയിൽവേ ഗേറ്റ് അടച്ചാൽ ഗേറ്റ് തുറക്കുന്നതു വരെ ഇരു ഭാഗത്തും വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടാകും. ചിലപ്പോൾ അരമണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെടും. കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽനിന്നും നാലാം വാതുക്കൽ മുല്ലച്ചേരി വഴി മൈലാട്ടിയി ദേശീയ പാതയിലേക്കും ബാര-മാങ്ങാട് വഴി ചട്ടഞ്ചാലിലേക്കുമുള്ള പ്രധാന റോഡാണിത്. ആശുപത്രികൾ, സ്‌കൂളുകൾകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബേങ്കുകൾ, കച്ചവട കേന്ദ്രങ്ങൾ തുടങ്ങി ജനങ്ങൾ നിരന്തരമിടപെടുന്ന നൂറുകണക്കിന് സ്ഥാപനങ്ങൾ റെയിൽവേ ഗേറ്റിന്റെ ഇരുഭാഗങ്ങളിലുമുണ്ട്.










0 comments