ഹെൽത്ത് സെന്റർ വാർഡിൽ ഫണ്ട് ക്രമക്കേടെന്ന് ആരോപണം
കൗൺസിലർക്കെതിരെ വിജിലൻസിൽ പരാതി നൽകും: സിപിഐ എം

തൃക്കാക്കര നഗരസഭയിലെ 32–-ാം വാർഡിൽ (ഹെൽത്ത് സെന്റർ) ലക്ഷങ്ങളുടെ പൊതുഫണ്ട് ഉപയോഗിച്ച് കൗൺസിലറുടെ വീടിനോടുചേർന്ന് നടക്കുന്ന കാന നിർമാണം
കാക്കനാട്
തൃക്കാക്കര നഗരസഭയിലെ 32–-ാംവാർഡിൽ (ഹെൽത്ത് സെന്റർ) കൗൺസിലർ ലക്ഷങ്ങളുടെ പൊതുഫണ്ട് ക്രമക്കേട് നടത്തിയതായി ആരോപണം. വാർഡ് കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായ പി എസ് സുജിത്തിന്റെ നേതൃത്വത്തിൽ സ്വന്തം വീട്ടിലെയും ബന്ധുവിന്റെ പുരയിടത്തിലെയും മലിനജലം ഒഴുക്കിവിടുന്നതിന് പൊതുഫണ്ടിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് കാന നിർമിച്ചതായാണ് പ്രധാന ആരോപണം.
ഇത് സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണെന്ന് സിപിഐ എം ആരോപിച്ചു. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന വാർഡിലെ അടിയന്തരമായി നടപ്പാക്കേണ്ട നിരവധി പൊതുമരാമത്ത് പ്രവൃത്തികൾ അവഗണിച്ചാണ് വ്യക്തിതാൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയത്.
വാർഡ് സഭകളിൽ ചർച്ച ചെയ്യുകയോ നിർദേശം ഉയരുകയോ ചെയ്യാത്ത കാന നിർമാണം വാർഡ് സഭാ മിനിട്‌സിൽ ഉൾപ്പെടുത്തി പിന്നീട് നഗരസഭാ ബജറ്റിൽ തുക വകയിരുത്തിയതായും സിപിഐ എം ആരോപിച്ചു. വാർഡിൽ ആകെ 36 പൊതുമരാമത്ത് പ്രവൃത്തികൾ ഉൾപ്പെടുത്തിയതിൽ ഏറ്റവും അവസാനമായി പട്ടികയിൽപ്പെടുത്തിയ നിർമാണത്തിന് മുൻഗണനാക്രമം മറികടന്ന് ലക്ഷങ്ങൾ അനുവദിച്ചെന്നും ആരോപണമുണ്ട്. മുനിസിപ്പൽ നിയമപ്രകാരം വാർഡുതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചശേഷമേ പൊതുമരാമത്ത് പ്രവൃത്തികൾ നടത്താവൂ എന്ന ചട്ടം പാലിക്കാതെയാണ് നിർമാണം നടത്തുന്നത്. ക്രമക്കേടുകൾക്ക് കൂട്ടുനിന്ന വാർഡ് കൗൺസിലർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസിൽ പരാതി നൽകുമെന്ന് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പി സി പ്രശോഭ് വ്യക്തമാക്കി.










0 comments