ad
Deshabhimani

ഇരുട്ടിലാക്കിയ വിസ്മയം

തൃക്കാക്കരയിൽ കൂറ്റൻ പൈപ്പ്‌ലൈൻ തകർന്നു

Water supply disrupted.

തൃക്കാക്കര യൂണിവേഴ്സിറ്റി ജങ്ഷനുസമീപം പൊട്ടിയ പ്രധാന കുടിവെള്ള പൈപ്പ്‌ലൈനിൽ ജല അതോറിറ്റി ജീവനക്കാർ അറ്റകുറ്റപ്പണി നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 03:39 AM | 1 min read

കാക്കനാട്


തൃക്കാക്കര പൈപ്പ്‌ലൈൻ ജങ്ഷനുസമീപം റോഡിനടിയിലെ പ്രധാന കുടിവെള്ള പൈപ്പ് തകർന്നതിനെ തുടർന്ന് കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ജലവിതരണം പൂർണമായി തടസ്സപ്പെട്ടു. 900 എംഎം വ്യാസമുള്ള കൂറ്റൻ പൈപ്പ്‌ലൈനിൽ ഉണ്ടായ വലിയ വിള്ളലാണ് പ്രതിസന്ധിക്ക് കാരണമായത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കുടിവെള്ളവിതരണം


പൂർണതോതിലാക്കാൻ രണ്ട് ദിവസമെടുക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി.

ബുധൻ രാത്രി ഒമ്പതോടെ യൂണിവേഴ്സിറ്റി ജങ്ഷനും പൈപ്പ്‌ലൈൻ ജങ്ഷനും ഇടയിലാണ് അപകടമുണ്ടായത്. വെള്ളം കുത്തിയൊഴുകിയതോടെ റോഡിൽ ആറടിയോളം താഴ്ചയിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇതോടെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു. വ്യാഴം പുലർച്ചെമുതൽ ആലുവയിൽനിന്നുള്ള പമ്പിങ് നിർത്തിവച്ചാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. റോഡിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിച്ചാണ് പൈപ്പ് കൂട്ടിയിണക്കിയ ഭാഗത്തെ തകരാർ കണ്ടെത്തിയത്‌.


കൊച്ചി നഗരം, പശ്ചിമകൊച്ചി, തൃക്കാക്കര, കളമശേരി, ചേരാനല്ലൂർ, വൈപ്പിനിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കുടിവെള്ളവിതരണം താറുമാറായി. വടുതല പമ്പ് ഹൗസിലേക്കുള്ള ജലലഭ്യത നിലച്ചത്‌ വൈപ്പിൻ മേഖലയെയും ബാധിച്ചു. പ്രവേശനവിലക്ക് ലംഘിച്ച് ട്രെയിലർ ലോറികൾ ഉൾപ്പെടെ ഭാരമേറിയ വാഹനങ്ങൾ റോഡിലൂടെ പോയതാണ് പൈപ്പ് തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.


1967-–68 കാലഘട്ടത്തിൽ സ്ഥാപിച്ച പഴക്കമേറിയ പൈപ്പുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പുതിയവ സ്ഥാപിക്കണമെന്ന്‌ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്‌. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വെള്ളി രാവിലെയോടെ ഭാഗികമായി പമ്പിങ് പുനരാരംഭിക്കാൻ കഴിഞ്ഞേക്കും. എന്നാൽ, പൈപ്പുകളിലെ സമ്മർദം ക്രമീകരിച്ച് ജലവിതരണം പൂർവസ്ഥിതിയിലാകാൻ ഞായറാഴ്ചവരെ കാത്തിരിക്കേണ്ടിവരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home