ഇരുട്ടിലാക്കിയ വിസ്മയം
പകല്‍ പൂക്കി കട്ട്, രാത്രി ഇന്ദിര കട്ട്

അപ്രഖ്യാപിത പവർ കട്ടിൽ കലൂരിലെ ഭക്ഷണശാലയിൽ മൊബൈൽ വെളിച്ചത്തിൽ ദോശ ചുടുന്നു / ഫോട്ടോ: സുനോജ് നൈനാൻ മാത്യു
കൊച്ചി
പകലെന്നോ രാത്രിയെന്നോ ഇല്ല, ജില്ലയില്‍ ദിവസവും വൈദ്യുതി മുടങ്ങുന്നതിന് കണക്കുമില്ല. പലതവണകളായി മണിക്കൂറുകളോളമുള്ള പവര്‍കട്ടിലും ലോഡ് ഷെഡ്ഡിങ്ങിലും വലഞ്ഞ ജനം യുഡിഎഫ് സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
പകല്‍ ‘പൂക്കി കട്ടും’ രാത്രി ‘ഇന്ദിര കട്ടു’മെന്നുമാണ് പുതിയ തലമുറയുടെ പരിഹാസം. വ്യാഴാഴ്ചയും പതിവ് തെറ്റിച്ചില്ല, പകലും രാത്രിയും പലതവണ വൈദ്യുതി മുടങ്ങി.വീടുകളിൽ കുഞ്ഞുങ്ങളും കിടപ്പുരോഗികളും വയോധികരുമുള്ള കുടുംബങ്ങളാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. ഫാൻപോലും പ്രവർത്തിക്കാത്ത മണിക്കൂറുകളിൽ കനത്ത ചൂട് സഹിക്കാനാകാതെ കുട്ടികളും രോഗികളും വലയുകയാണ്. വൈദ്യുതിമുടക്കം ഗുരുതരമായി ബാധിക്കുന്നത് കിടപ്പുരോഗികളെയാണ്. വൈദ്യുതിയെ ആശ്രയിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ, എയർകൂളറുകൾ, ഫാനുകൾ എന്നിവ പ്രവർത്തിപ്പിക്കാനാകാതെ, രോഗികളെ പരിചരിക്കുന്ന കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്.
കുഞ്ഞുങ്ങളുള്ള വീടുകളിലും സ്ഥിതി വ്യത്യസ്തമല്ല. വൈദ്യുതി മുടങ്ങുന്നതോടെ കുഞ്ഞുങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നു. ഓൺലൈൻ പഠനം, ജോലി, ചെറുകിട വ്യാപാരം എന്നിവയെ പകൽസമയത്തെ വൈദ്യുതിമുടക്കം ബാധിക്കുന്നുണ്ട്. ചൂടിൽനിന്ന് രക്ഷപ്പെടാൻ ജനൽ തുറന്നാൽ കൊതുകിന്റെ ശല്യവും. നഗരപ്രദേശങ്ങളിൽ ഈ ദുരിതം ഇരട്ടിയാണ്. പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണേണ്ട സർക്കാർ ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്.
വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിനോടും മുഖ്യമന്ത്രിയോടും വൈദ്യുതിയെങ്കിലും ഉറപ്പാക്കണമെന്നാണ് ഇപ്പോള്‍ ജനം പറയുന്നത്. അധിക വൈദ്യുതി ഉറപ്പാക്കാനും വിതരണസംവിധാനങ്ങൾ ശക്തിപ്പെടുത്താനും അടിയന്തരനടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കുടിവെള്ളം മുടങ്ങുന്നു; കാരണം പവർകട്ടെന്ന് വാട്ടർ അതോറിറ്റിയും
കളമശേരി
ഏലൂർ നഗരസഭയിൽ കുടിവെള്ളവിതരണം തടസ്സപ്പെടുന്നതിന്റെ പ്രധാന കാരണം അടിക്കടിയുണ്ടാകുന്ന പവർകട്ടാണെന്ന് വാട്ടർ അതോറിറ്റി. നഗരസഭാ പ്രദേശത്ത് വ്യാപകമായി കുടിവെള്ളം മുടങ്ങിയതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ നഗരസഭാ ചെയർപേഴ്സന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ മറുപടിയാണിത്. കളമശേരി വാട്ടർ അതോറിറ്റി പമ്പ് ഹൗസ് ഫീഡർ വൈദ്യുതി നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർക്ക് നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ കത്ത് നൽകിയിട്ടുണ്ട്.









0 comments