ad
Deshabhimani

വാഹനങ്ങൾക്കിടയിൽ 
കുടുങ്ങിയ 
സ്കൂട്ടർ യാത്രികയുടെ 
കാൽ അറ്റു

Scooter rider's leg severed

ബസിനും ടോറസിനും ഇടയിൽ യുവതിയുടെ സ്കൂട്ടർ കുടുങ്ങിയനിലയിൽ

വെബ് ഡെസ്ക്

Published on Sep 11, 2026, 03:35 AM | 1 min read

പറവൂർ


ബസിനും ടോറസിനും ഇടയിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ കാൽ അറ്റു. ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടിൽ കെ യു പ്രിയങ്ക (35)യ്‌ക്കാണ് വ്യാഴം പകൽ ഒന്നിന്‌ നഗരത്തിൽ മിനി സിവിൽ സ്‌റ്റേഷനുമുന്നിൽ നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റത്. കോഴിക്കോട് ആസ്ഥാനമായ ബാരിടോൺ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്‌.


ബസ് സ്റ്റാൻഡിൽനിന്ന്‌ ഏഴിക്കരയിലേക്ക് പോകുന്ന ‘അഞ്ജലി' ബസ് റോഡിൽ നിർത്തി ആളെ കയറ്റുന്നതിനിടെ അതേ ദിശയിൽവന്ന യുവതിയുടെ സ്കൂട്ടറിനെ മറികടന്നെത്തിയ ടോറസാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിലെത്തിയ ടോറസിൽ സ്കൂട്ടർ തട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ ബസിന്റെ മുൻചക്രത്തിനടിയിലേക്കും യുവതി ടോറസിനടിയിലേക്കും വീഴുകയായിരുന്നു. പ്രിയങ്കയുടെ വലതുകാലിൽ ടോറസിന്റെ ടയർ കയറിയിറങ്ങി. പാദത്തിന് മുകളിൽനിന്ന് അറ്റനിലയിലായിരുന്ന പ്രിയങ്കയെ ആദ്യം താലൂക്ക് ഗവ. ആശുപത്രിയിലും തുടർന്ന്‌ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇടതുകാലിനും പരിക്കുണ്ട്‌.


അപകടമുണ്ടാക്കിയത് അധികൃതരുടെ 
അനാസ്ഥ


ജീവൻ തിരിച്ചുകിട്ടിയെങ്കിലും യുവതിയ്‌ക്ക്‌ ഗുരുതര പരിക്കേൽക്കാൻ ഇടയായ അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം. മിനി സിവിൽ സ്റ്റേഷനുമുന്നിൽ കെഎസ്ആർടിസി ബസുകൾക്ക് മാത്രമാണ് ആളെ ഇറക്കാനും കയറ്റാനും അനുവാദമുള്ളത്. വീതികുറഞ്ഞ ഇവിടെ ഗതാഗതക്കുരുക്ക് പതിവായപ്പോഴാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചേർന്ന് സ്വകാര്യ ബസുകൾക്ക് സ്റ്റോപ്പ് നിഷേധിച്ചത്. കുറച്ചുദിവസം ഇവിടെ പൊലീസിനെ നിയോഗിച്ച് തീരുമാനം നടപ്പാക്കിയിരുന്നു.


നഗരസഭയും പൊലീസും ഇക്കാര്യത്തിൽ അനാസ്ഥ കാണിച്ചതോടെ സ്റ്റാൻഡിൽനിന്നിറങ്ങുന്ന സ്വകാര്യ ബസുകൾ ഇവിടെ നിർത്തി ആളെ കയറ്റാൻ തുടങ്ങി. ഇത് അപകടത്തിന് കാരണമായി. ഭാരവാഹനങ്ങൾക്ക് നിശ്‌ചിതസമയത്ത്‌ നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റിൽപ്പറത്തി ചീറിപ്പായുകയാണ്‌. അധികാരികളുടെ അശ്രദ്ധ തുടർന്നാൽ മനുഷ്യജീവന് ഭീഷണിയാകുമെന്ന്‌ സ്ഥിരം യാത്രക്കാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home