മൂക്കുപൊത്തണം, ചെളിയിൽ ചവിട്ടണം കഷ്ടമാണ് കാസർകോട് മീൻ മാർക്കറ്റ്

കാസർകോട് കാസർകോട്ട് മാർക്കറ്റിൽ മീൻവാങ്ങാൻ പോയാൽ കുളിക്കാതെ വീട്ടിൽ കയറാൻ കഴിയില്ല. മലിനജലം ചവിട്ടാതെ മീൻ വാങ്ങാതെ കഴിയില്ലെന്ന അവസ്ഥയാണ്. മൂക്കുപൊത്തിയും മലിനജലം ചവിട്ടാതെയും ആയാസപ്പെട്ട് വേണം മീൻ വാങ്ങണമെങ്കിൽ. റോഡിലും മാർക്കറ്റിന്റെ മുറ്റത്തും ചെറുകുഴികളിൽ നിറയെ മലിനജലംനിറഞ്ഞ് ദുർഗന്ധപൂരിതമാണ് മാർക്കറ്റ്. മലിനജലത്തിന് സമീപത്തിരുന്നാണ് സ്‌ത്രീകൾ മീൻ വിൽക്കുന്നത്. മാർക്കറ്റിനുള്ളിലാണെങ്കിൽ അതിലും ദയനീയമാണ്. നിലത്താകെ മീൻവെള്ളവും ചെളിയുംനിറഞ്ഞിരിക്കുന്നു. കെട്ടിടവും ശോച്യാവസ്ഥയിൽ. നഗരമധ്യത്തിലെ മാർക്കറ്റിന്റെ അവസ്ഥയാണിത്. മാർക്കറ്റ് പുതുക്കിപ്പണിയുമെന്ന് ഓരോ തെരഞ്ഞെടുപ്പ് കാലത്തും ഭരണക്കാർ പറയുന്നതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിൽ വന്നാൽ മറക്കും. ആധുനിക സൗകര്യങ്ങളോടെ പുനർനിർമിക്കുമെന്നത് വാഗ്‌ദാനത്തിൽ ഒതുങ്ങി. മാർക്കറ്റിന്റെ അപാകം പരിഹരിച്ച് വിശാലമായ മത്സ്യമാർക്കറ്റ് സമുച്ചയമായി പുനർനിർമിക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതി അവഗണിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത കാരണം തീർത്തും ശോചനിയാവസ്ഥയിലാണ് ഇപ്പോഴത്തെ മത്സ്യ മാർക്കറ്റ്. ആസൂത്രണമില്ലാതെ നിർമിച്ച കെട്ടിടം പഴകി ദ്രവിച്ച് അപകടാവസ്ഥയിലായി. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനമില്ല. ശാസ്‌ത്രീയമായ ഓവുചാൽ സംവിധാനമില്ല. പരിസരം വൃത്തിഹീനമാണ്. വായുസഞ്ചാരത്തിന്റെ കുറവ്, പാർക്കിങ് സൗകര്യം ഇല്ലാത്തത് തുടങ്ങി നിരവധി പ്രശ്നങ്ങളാൽ മത്സ്യവ്യാപാരികളും തൊഴിലാളികളും ഉപഭോക്താക്കളും വീർപ്പുമുട്ടുകയാണ്. ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നാണ് നഗരസഭ അധികൃതർ കാലങ്ങളായി പറയുന്നത്. കാര്യങ്ങൾ കടലാസിൽ മാത്രം. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തോട് മുഖം തിരിഞ്ഞുനിൽക്കുന്ന നിലപാടാണ് എല്ലാ കാലത്തും ഭരണസമിതിക്ക്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് മത്സ്യമാർക്കറ്റിന്റെ അവസ്ഥ. മത്സ്യ വിൽപ്പന റോഡുവക്കിൽ അശാസ്‌ത്രീയമായി നിർമിച്ച കെട്ടിടം മത്സ്യത്തൊഴിലാളികൾ ഉപേക്ഷിച്ച മട്ടാണ്. കെട്ടിടത്തിന് ആവശ്യമായ ഉയരമില്ല. മലിനജലം ഒഴുകിപ്പോവാനും സൗകര്യമില്ല. ഇതുകാരണം മാർക്കറ്റിന് സമീപം റോഡരികിലാണ് വിൽപ്പന. ലേലം വിളി നടക്കുന്നതും വാഹനങ്ങളിലെത്തുന്ന മത്സ്യം ഇറക്കുന്നതുമെല്ലാം ഇവിടെത്തന്നെ. തിരക്കേറിയ സമയത്ത് ഇവിടം വഴിയുള്ള ഗതാഗതവും സ്‌തംഭിക്കുന്നു. ചിലപ്പോൾ വലിയ പ്രശ്‌നങ്ങളുണ്ടാവുന്ന സാഹചര്യവുമുണ്ടാകാറുണ്ടെന്ന് മീൻകച്ചവടക്കാർ പറഞ്ഞു.










0 comments