അജാനൂരിൽ 2 ലക്ഷവും ചെറുവത്തൂരിൽ 5 ലക്ഷവും തട്ടി

കാഞ്ഞങ്ങാട് കര്‍ണാടക സ്വദേശികള്‍ മുക്കുപണ്ടങ്ങള്‍ നല്‍കി കാഞ്ഞങ്ങാട്ടും തട്ടിപ്പ് നടത്തി. തട്ടിപ്പിനിരയായ അജാനൂരിലെ വ്യാപാരിയുടെ പരാതിയില്‍ കര്‍ണാടക സ്വദേശികളായ ശാന്തി (50) രാജു എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ചന്തേര പൊലീസ് രജിസ്റ്റര്‍ചെയ്ത സമാന തട്ടിപ്പുകേസില്‍ ഇരുവരും പ്രതികളാണ്. ശാന്തിയെ ചന്തേര പൊലീസ് അറസ്റ്റുചെയ്തിരുന്നു. രാജു ഒളിവിലാണ്. റിമാന്‍ഡില്‍ കഴിയുന്ന ശാന്തിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള അനുമതിക്കായി ഹൊസ്ദുര്‍ഗ് പൊലീസ് വ്യാഴാഴ്ച വൈകിട്ടോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേ റ്റ് (ഒന്ന്) കോടതിയില്‍ അപേക്ഷ നല്‍കി. ചെറുവത്തൂരിലെ വ്യാപാരിയിൽനിന്ന് അഞ്ചുലക്ഷം തട്ടിയ കേസിലാണ് ചന്തേര പൊലീസ് കേസെടുത്തത്. താമസിക്കാന്‍ വാടക വീട് അന്വേഷിച്ചാണ് ശാന്തിയും രാജുവും അജാനൂരിൽ വ്യാപാരിയെ സമീപിച്ചത്. തുടര്‍ന്ന് വ്യാപാരിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങുകയും പിന്നീട് വിളിക്കുകയുംചെയ്തു. മൈസൂരുവിലെ താമസസ്ഥലത്ത് നിന്ന് കുഴിയെടുക്കുമ്പോള്‍ കിട്ടിയ കുറേ പഴയസ്വര്‍ണാഭരണങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇത് ജ്വല്ലറിയില്‍ വില്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയാത്തതിനാല്‍ ചെറിയ തുകക്ക് നല്‍കാമെന്നും പറഞ്ഞു. തുടര്‍ന്ന് കടയിലെത്തിയ സംഘം പുരാതനകാലത്തേതെന്ന് തോന്നിപ്പിക്കുന്ന ഒരു നാണയം കാണിച്ച് വ്യാപാരിയുടെ വിശ്വാസം പിടിച്ചുപറ്റി. സ്വര്‍ണം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാലയുടെ ഒരു ഭാഗം സഞ്ചിയില്‍നിന്ന് എടുത്തുനല്‍കി. ഈ സ്വര്‍ണം കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണമാണെന്ന് വ്യക്തമായി. തുടര്‍ന്ന് തങ്ങളുടെ പക്കല്‍ രണ്ട് കിലോയിലേറെ പഴയ സ്വര്‍ണാഭരണങ്ങളുണ്ടെന്നും 2 ലക്ഷം നല്‍കിയാല്‍ അത് നല്‍കാമെന്നും വ്യാപാരിയെ അറിയിച്ചു. രണ്ടുകിലോ സ്വര്‍ണം കുറച്ചായി വില്‍പ്പന നടത്തണമെന്നും അപ്പോള്‍ 25 ശതമാനം നിങ്ങള്‍ എടുത്ത് ബാക്കി തുക തങ്ങള്‍ക്ക് നല്‍കണമെന്നും പ്രതികള്‍ വ്യാപാരിയോട് പറഞ്ഞു. പിറ്റേ ദിവസം കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്തെ പെട്രോള്‍പമ്പിനടുത്ത് വെച്ച് കടമായി വാങ്ങിയ 2 ലക്ഷം രൂപ വ്യാപാരി പ്രതികള്‍ക്ക് നല്‍കി. രണ്ട് കിലോയിലേറെ വരുന്ന ആഭരണങ്ങള്‍ വാങ്ങുകയുംചെയ്തു. പ്രതികള്‍ പണവുമായി മടങ്ങിയശേഷം കടം വാങ്ങിയ 2 ലക്ഷം രൂപ തിരികെ നല്‍കാനായി മാലയില്‍നിന്നും ഒന്ന് പണയംവയ്‌ക്കാന്‍ കൊണ്ടുപോയപ്പോഴാണ് ആഭരണങ്ങള്‍ മുഴുവന്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. അജാനൂരിലെ വ്യാപാരിക്ക് പുറമെ നിരവധി പേര്‍ക്ക് അവരുടെ തട്ടിപ്പില്‍ അകപ്പെട്ട് ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.










0 comments