ad
Deshabhimani

ഭക്ഷ്യമാലിന്യ സംസ്‌കരണം പഠിക്കാൻ ഐസിഎൽ ഇഐ സംഘം ആലപ്പുഴയിൽ

ആലപ്പുഴയിൽ എത്തിയ ഐസിഎൽ ഇഐ സംഘം കലക്‍‍ടർ ഷാജി വി നായരോടൊപ്പം

ആലപ്പുഴയിൽ എത്തിയ ഐസിഎൽ ഇഐ സംഘം കലക്‍‍ടർ ഷാജി വി നായരോടൊപ്പം

വെബ് ഡെസ്ക്

Published on Sep 11, 2026, 02:33 AM | 1 min read

ആലപ്പുഴ

എൽഡിഎഫ്‌ ഭരണത്തിൽ ആലപ്പുഴ നഗരസഭ നടപ്പാക്കിയ മാലിന്യ സംസ്‌കരണ രീതികൾ നേരിൽക്കണ്ടു പഠിക്കാൻ ഇന്റർനാഷണൽ കൗൺസിൽ ഫോർ ലോക്കൽ എൻവയോൺമെന്റൽ ഇനിഷ്യേറ്റീവ് (ഐസിഎൽഇഐ) സംഘം ആലപ്പുഴയിൽ. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ‘ഭക്ഷ്യമാലിന്യ സംസ്കരണത്തിൽ ഏഷ്യൻ നഗരങ്ങളിലെ മികച്ച മാതൃകകൾ: പ്രാദേശിക അവലോകനം’ എന്ന പദ്ധതിയുടെ ഭാഗമായി, ഐസിഎൽ ഇഐ തെരഞ്ഞെടുത്ത നാല് നഗരങ്ങളിൽ ഒന്നാണ് ആലപ്പുഴ. നഗരസഭയുടെ മാലിന്യ സംസ്കരണപ്രവർത്തനരീതികളും അനുഭവങ്ങളും നേരിട്ട് മനസ്സിലാക്കുകയാണ് സന്ദർശന ലക്ഷ്യം. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്ന്‌ ആലപ്പുഴ നഗരസഭ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടത്. യുഡിഎഫ് ഭരണത്തിൽ നഗരത്തിലെ മാലിന്യ സംസ്‌കരണം താളംതെറ്റിയിരിക്കുകയാണ്. എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയ പദ്ധതികൾ പോലും വേണ്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ യുഡിഎഫ് കൗൺസിലിന് കഴിയുന്നില്ല. എൽഡിഎഫ് കൗൺസിലിന്റെ കാലത്ത് നടപ്പാക്കിയ മാലിന്യ സംസ്‌കരണ പദ്ധതികൾ ലോകശ്രദ്ധ നേടുകയും നിരവധി അംഗീകാരങ്ങൾക്ക് അർഹമാകുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം. സീനിയർ ഓഫീസർ കേശവ് ഝാ, അനുരാധ അധികാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച കലക്ടർ ഷാജി വി നായരെ കണ്ടു ചർച്ച നടത്തി. ആലപ്പുഴ നഗരസഭ നേതൃത്വം, നഗരസഭ ആരോഗ്യ വിഭാഗം, ജില്ലാ ശുചിത്വ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോഗ്രാം ഉദ്യോഗസ്ഥർ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഏജൻസികൾ, സാമൂഹിക സംഘടനകൾ, വ്യാപാര പ്രതിനിധികൾ എന്നിവരെയും സന്ദർശിച്ചു. വരുന്നമൂന്ന് ദിവസങ്ങളിൽ സംഘം വീടുകളിലെ ഭക്ഷ്യ മാലിന്യ സംസ്കരണ സംവിധാനം, കമ്യൂണിറ്റി, വ്യാവസായിക തലത്തിലുള്ള ഭക്ഷ്യ മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ സന്ദർശിച്ച് വിലയിരുത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home