ആയുർവേദ മേഖലയോട് അവഗണന
print edition ബിഎഎംഎസ് അഖിലേന്ത്യാ ക്വാട്ട നഷ്‌ടമായി

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ അനാസ്ഥമൂലം, സംസ്ഥാനത്തെ സർക്കാർ ആയുർവേദ കോളേജുകൾക്ക് ബിഎഎംഎസ് അഖിലേന്ത്യാ ക്വാട്ട നഷ്ടപ്പെട്ടു. തൃപ്പൂണിത്തുറ, തിരുവനന്തപുരം, കണ്ണൂർ സർക്കാർ ആയുർവേദ കോളേജുകൾക്കാണ് പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വാട്ട ഇല്ലാതായത്. നാഷണൽ കമീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ പ്രവേശനത്തിന് അനുമതി ലഭിച്ചവയുടെ പട്ടികയിൽ ഇൗ മൂന്ന് കോളേജുമില്ല.
അഖിലേന്ത്യാ പ്രവേശന നടപടി തുടങ്ങിയതോടെ സർക്കാർ കോളേജുകളിൽ പ്രവേശനം നഷ്ടമാകുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. സത്യവാങ്മൂലം സമയബന്ധിതമായി സമർപ്പിക്കാത്തതും അധ്യാപകരുടെ കുറവുമാണ് കാരണം. കോളേജുകളിൽ എൻസിഐഎസ്എം നടത്തിയ പരിശോധനയിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നും ആവശ്യത്തിന് അധ്യാപകരില്ലെന്നും കണ്ടെത്തിയിരുന്നു.
അപാകം പരിഹരിക്കാമെന്ന് വ്യക്തമാക്കി 100 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകാൻ സെപ്തംബർ മൂന്നുവരെ അവസരം നൽകിയെങ്കിലും ആയുഷ് ഡയറക്ടറേറ്റും ആരോഗ്യ വകുപ്പും ഇടപെട്ടില്ല. നാലു ദിവസം വൈകി ഏഴിനാണ് ഇ മെയിൽ അയച്ചത്. പരീക്ഷാ കലണ്ടർ ഉൾപ്പെടെ നേരത്തെ പ്രസിദ്ധീകരിച്ചിട്ടും നടപടി വൈകി. യുഡിഎഫ് സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതും വീഴ്‌ചയ്ക്ക് കാരണമായി. കേരളത്തിൽ നിന്ന് 14 സ്വകാര്യ കോളേജുകൾ മാത്രമാണ് പട്ടികയിലുള്ളത്.
നടപടി ക്രമം പാലിക്കാത്തതിനാൽ തിരുവനന്തപുരം ആയുർവേദ കോളേജിലെ ബിരുദ, ബിരുദാനന്തര സീറ്റ് വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിഎഎംഎസ് സീറ്റുകൾ 70-നിന്ന് 66 ആയി കുറച്ചു. പഞ്ചകർമ വിഭാഗത്തിലെ അധ്യാപക–-വിദ്യാർഥി അനുപാതക്കുറവ് മൂലം പിജി സീറ്റ് അഞ്ചിൽനിന്ന് നാലാക്കി. അഗദതന്ത, ദ്രവ്യഗുണം, കായാചികിത്സ, ശല്യതന്ത്ര ഉൾപ്പെടെയുള്ള മറ്റ് 11 പിജി വിഷയങ്ങൾക്ക് 71 സീറ്റുകളിലാണ് തുടർ അനുമതി.
ആയുർവേദ വിദ്യാഭ്യാസ മേഖലയിൽ വിവിധ തസ്തികളിൽ 400 ഒഴിവുകളാണ് നികത്താനുള്ളത്. പഞ്ചകർമ വിഭാഗത്തിലുൾപ്പെടെ മുൻ എൽഡിഎഫ് സർക്കാർ സൃഷ്ടിച്ച തസ്തികകളിൽ നിയമനം വൈകുകയാണ്.










0 comments