പാമ്പുകടിയേറ്റ് വീട്ടമ്മയുടെ മരണം
പോസ്റ്റ്മോർട്ടം മൂവാറ്റുപുഴക്ക് മാറ്റിയതിൽ പ്രതിഷേധം

പാന്പുകടിയേറ്റ് മരിച്ച -വീട്ടമ്മയുടെ പോസ്‌റ്റ്‌മോർട്ടം നടത്തുന്നതുസംബന്ധിച്ച് പിറവം താലൂക്കാശുപത്രിയിൽ തർക്കം നടന്നപ്പോൾ
പിറവം
പാമ്പുകടിയേറ്റ് മരിച്ച വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം അവസാനനിമിഷം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. ബുധനാഴ്‌ച വൈകിട്ട് പാന്പുകടിയേറ്റ് മരിച്ച പാഴൂർ ഇടുമ്മയിൽ മേഴ്സി സാലു(50)വിന്റെ മൃതദേഹം പിറവം താലൂക്കാശുപത്രിയിലായിരുന്നു പോസ്‌റ്റ്‌മോർട്ടം നടത്തേണ്ടിയിരുന്നത്.
കടിച്ച പാമ്പ് ഏതാണെന്ന് അറിയാനുള്ള സൗകര്യം പിറവം താലൂക്കാശുപത്രിയിൽ ഇല്ലാത്തതിനാലാണ് മൂവാറ്റുപുഴയിലേക്ക് മാറ്റുന്നതെന്നാണ് അധികൃതർ പറയുന്നത്. പിറവത്ത് പോസ്റ്റ്മോർട്ടം നടത്തി വ്യാഴം പകൽ മൂന്നിന് പിറവം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കാരം നിശ്ചയിച്ചിരുന്നു. രാവിലെ എട്ടോടെ ബന്ധുക്കളും പൊലീസും എത്തി നടപടി പൂർത്തിയാക്കി.
10 കഴിഞ്ഞിട്ടും പോസ്റ്റ്‌മോർട്ടം തുടങ്ങാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയായിരുന്നു. മൂവാറ്റുപുഴക്ക് കൊണ്ടുപോകണമെന്ന വിവരം വ്യാഴം രാവിലെമാത്രമാണ് അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. എൽഡിഎഫ് നേതാക്കളായ കെ പി സലിം, സോമൻ വല്ലയിൽ, സോജൻ ജോർജ്, ഏലിയാമ്മ ഫിലിപ്പ് തുടങ്ങിയവർ ആശുപത്രി സൂപ്രണ്ടുമായി ചർച്ച നടത്തി.
തുടർന്ന് മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി രണ്ടരയോടെ വീട്ടിലെത്തിച്ചു. ചടങ്ങുകൾക്കുശേഷം മണിക്കൂറുകൾ വൈകിയാണ് സംസ്‌കാരം നടത്താനായത്. പാടത്ത് പുല്ലുമുറിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.









0 comments