നാടിനെ ഇരുട്ടിലാക്കിയത് ഇൗ സർക്കാരിന്റെ പാളിച്ചകൾ

ചൂട് കനക്കുന്ന രാത്രികളിൽ വൈദ്യുതി നിലയ്ക്കുന്നു. ഫാനും എസിയും നിശ്ചലമായി വീടുകളിൽ ഉറക്കം നഷ്ടപ്പെടുന്നു. ആശുപത്രികളിൽ അടിയന്തര ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ നടത്തേണ്ട സാഹചര്യമുണ്ടാകുന്നു. റഫ്രിജറേറ്റർ പ്രവർത്തിക്കാതെ ഭക്ഷ്യവസ്തുക്കൾ കേടാകുന്നു. ചെറുകിട വ്യാപാരികൾക്ക് നഷ്ടം. നിർമാണ യൂണിറ്റുകളുടെയും ഹോസ്റ്റലുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തനം താളംതെറ്റി. എപ്പോൾ വൈദ്യുതി വരുമെന്നും പോകുമെന്നും അറിയാത്ത അവസ്ഥ. കേരളം നേരിടുന്ന ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയുടെ ഏറ്റവും ഗുരുതര വശം സർക്കാർ സംവിധാനത്തിന്റെ വീഴ്‌ചയാണ്. ഇത്രയും ഗുരുതരമായ പ്രതിസന്ധി സ്വയം ഉണ്ടായതല്ല, മറിച്ച് യുഡിഎഫ് സർക്കാരിന്റെ ആസൂത്രണത്തിലെ പാളിച്ചയുടെ സൃഷ്ടിയാണ്. പ്രതിസന്ധി മുൻകൂട്ടി തിരിച്ചറിയുക, ആവശ്യകത കണക്കാക്കുക, ലഭ്യമായ വൈദ്യുതിസ്രോതസ്സുകൾ കണ്ടെത്തുക, മറ്റ് സംസ്ഥാനങ്ങളുമായി ഏകോപനം നടത്തുക, ആവശ്യമായ വൈദ്യുതി മുൻകൂട്ടി ഉറപ്പാക്കുക തുടങ്ങിയവയാണ് സർക്കാരിന്റെ ചുമതല. ഇക്കാര്യത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു.
വൈദ്യുതി നിയന്ത്രണം അനിവാര്യമാണെങ്കിൽപ്പോലും അത് എപ്പോൾ, എത്രനേരം എന്നത് ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്. വൈദ്യുതി റെഗുലേറ്ററി കമീഷൻപോലും കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും അറിയിപ്പ് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, പ്രായോഗികമായി ഉപയോക്താക്കൾക്ക് ലഭിക്കുന്നത് ‘വൈകിട്ട് ആറിനും രാത്രി പന്ത്രണ്ടിനുമിടയിൽ ലോഡ്‌ഷെഡിങ് ഉണ്ടായേക്കാം’ എന്ന പൊതുവായ അറിയിപ്പ് മാത്രമാണ്. കേരളം ഇതിനുമുമ്പും കടുത്ത വൈദ്യുതി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. 2017ലും 2023ലും ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയുമായി ബന്ധപ്പെട്ട ഗുരുതര പ്രതിസന്ധികൾ ഉണ്ടായി. കൽക്കരി ക്ഷാമം, മഴക്കുറവ്, ജല വൈദ്യുതോൽപ്പാദനത്തിലെ കുറവ്, ചൂട് വർധിച്ചതിനെത്തുടർന്നുള്ള ഉപയോഗത്തിലെ കുതിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ അന്നും ഉണ്ടായിരുന്നെങ്കിലും കേരളം വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് തള്ളിവിടപ്പെട്ടില്ല. കാരണം, പ്രതിസന്ധിയെ നേരിടാൻ എൽഡിഎഫ് സർക്കാർ സജീവമായി ഇടപെട്ടു. ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് കഴിഞ്ഞ പത്ത് വർഷവും പ്രതിസന്ധി മറികടന്നത്.
2026 ഏപ്രിൽ അവസാനം ഉണ്ടായ വൈദ്യുതി ഉപയോഗവർധനയുടെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും മുൻ സർക്കാരിന്റെ ആസൂത്രണപ്പിഴവാണ് കാരണമെന്നുമാണ് വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും ആവർത്തിക്കുന്നത്. പ്രതിസന്ധിയുടെ ഉത്തരവാദിത്വം മുൻ സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ഇൗ സർക്കാരിന്റെ വീഴ്‌ച മറയ്‌ക്കാനാണ്. 2015ൽ ഒപ്പിട്ട 765 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. വൈദ്യുതി വാങ്ങൽ കരാറിന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അനുമതി ആവശ്യമാണ്. 2015ൽ കരാർ ഒപ്പിടുമ്പോൾ ആവശ്യമായ നടപടിക്രമങ്ങൾ സംബന്ധിച്ച് കമീഷൻ എതിർപ്പ് ഉന്നയിച്ചു. കരാറിന്റെ സാധുത സംബന്ധിച്ച് നിയമപരവും നിയന്ത്രണപരവുമായ നടപടികൾ നീണ്ടു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷവും കമീഷന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ കരാർപ്രകാരമുള്ള വൈദ്യുതി കേരളം വാങ്ങിയിരുന്നു. നടപടികളുടെ പരിശോധനയ്‌ക്കുശേഷം റെഗുലേറ്ററി കമീഷനാണ് കരാർ റദ്ദാക്കിയത്. പൊതുതാൽപ്പര്യം മുൻനിർത്തി കരാർ പുനഃസ്ഥാപിക്കാനുള്ള ഇടപെടൽ എൽഡിഎഫ് സർക്കാൻ നടത്തി. എന്നാൽ വൈദ്യുതി ഉൽപ്പാദന കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. ഇത് സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതെല്ലാം മറച്ചുവച്ച് എൽഡിഎഫ് സർക്കാർ വൈദ്യുതി കരാർ റദ്ദാക്കി എന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്.
രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടാകാം. മഴക്കുറവ് ജല വൈദ്യുതോൽപ്പാദനത്തെ ബാധിക്കാം. എൽ നിനോ കാലാവസ്ഥാ സാഹചര്യങ്ങൾ ചൂട് വർധിപ്പിക്കുകയും വൈദ്യുതി ഉപയോഗം ഉയർത്തുകയും ചെയ്യാം. ദേശീയ വിപണിയിൽ വൈദ്യുതി ലഭ്യത കുറയുകയും ചെയ്യാം. ഇവയൊന്നും പുതിയ അറിവുകളല്ല. അത്തരം സാഹചര്യങ്ങളാണ് വൈദ്യുതി മേഖലയിലെ ആസൂത്രണത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്. പ്രതിസന്ധിയുടെ കാരണം നിരത്തിപ്പറയുക മാത്രമല്ല മന്ത്രിയുടെ ഉത്തരവാദിത്വം. മറിച്ച് ജനങ്ങൾക്ക് വൈദ്യുതി ഉറപ്പാക്കാനുള്ള നടപടിയെടുക്കുക എന്നതാണ്. എപ്പോൾ പരിഹരിക്കാനാകുമെന്ന് പറയാനാകില്ല എന്ന സമീപനം മന്ത്രിയിൽനിന്ന് ഉണ്ടാകാൻ പാടില്ല.
പ്രതിസന്ധി അവസരമാക്കി വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരണ അധിഷ്ഠിത സംവിധാനത്തിലേക്ക് നീക്കാനുള്ള ശ്രമമാണ് ഇൗ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കേരളം കഴിഞ്ഞ ഒരു ദശാബ്ദം വൈദ്യുതി മേഖലയിലെ ആസൂത്രണത്തിലൂടെയും ദീർഘകാല ഇടപെടലുകളിലൂടെയും വലിയ പ്രതിസന്ധികൾ ഒഴിവാക്കിയ സംസ്ഥാനമാണ്. ആ മാതൃക സംരക്ഷിക്കുന്നതിനുപകരം കേന്ദ്ര സർക്കാരിന്റെ വൈദ്യുതി നയങ്ങളുടെ വഴിയിലേക്ക് സംസ്ഥാനത്തെ തള്ളിവിടുന്നത് ജനതാൽപ്പര്യത്തിന് ഗുണകരമല്ലെന്നുമാത്രമല്ല, പ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്യുക.









0 comments