print edition ഭരണഘടനയെയും ആർഎസ്‌എസ് കീഴടക്കുന്നു; ബൃന്ദ കാരാട്ട്

തിരുവനന്തപുരം : ആർഎസ്‌എസ് രാജ്യത്തെയും ഭരണഘടനയെയും കീഴടക്കുകയാണെന്ന് മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്. യെച്ചൂരി അനുസ്‌മരണത്തിൽ ‘ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന പ്രതിസന്ധി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
കോർപറേറ്റ് ഹിന്ദുത്വയാണ് ഇന്ത്യ ഭരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കാൻ സിജെപി നടത്തിയ സമരത്തിലൂടെ സാധിച്ചു. പരാജിതനായ വിശ്വഗുരുവിനെയാണ് സിജെപി തുറന്നുകാട്ടിയത്. ആർഎസ്‌എസ് കാര്യാലയത്തിൽപ്പോയി ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങേണ്ട അവസ്ഥയിലാണ് ഹിന്ദുക്കൾ. എസ്‌ഐആർ നടപ്പാക്കിയത് വർഗീയവൽക്കരണത്തിന്റെ ആദ്യ ചവിട്ടുപടിയാണ്. ബംഗ്ലാദേശികളുടെ പേരിൽ പാവപ്പെട്ട മുസ്ലിങ്ങളെ ഒഴിവാക്കാനുള്ള നീക്കമായിരുന്നു എസ്‌ഐആറിലൂടെ നടപ്പാക്കിയത്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം ജനാധിപത്യത്തിനെതിരായ ആക്രമണമാണ്. ഹിന്ദുക്കൾക്ക് മാത്രമാണ് ഇന്ത്യയിൽ ജീവിക്കാൻ അർഹത എന്നാണ് ആർഎസ്‌എസ് പറയുന്നത്.
ആർഎസ്‌എസിന്റെ പ്രതിജ്ഞയാണോ ഇന്ത്യൻ ഭരണഘടനയിലെ പ്രതിജ്ഞയാണോ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും അംഗീകരിക്കുന്നതെന്ന് വ്യക്തമാക്കണം. തങ്ങളെ എതിർക്കുന്നവരെ ‘ദിമാഗി നക്‌സൽ’ എന്നാണ് പ്രധാനമന്ത്രി വിളിച്ചത്. എന്നാൽ ജനാധിപത്യവാദികളെ എതിർക്കുന്നവരെ ‘ദിമാഗി സംഘി’ എന്ന് തിരിച്ചുവിളിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനായി.









0 comments