print edition എഴുതി ഇല്ലാതാക്കാമെന്ന് വ്യാമോഹിക്കേണ്ട: എം വി ഗോവിന്ദൻ

തിരുവനന്തപുരം : ഇഡി എന്ന ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാധ്യമങ്ങൾ എഴുതി വളർത്തിയതല്ല സിപിഐ എമ്മിനെയും പിണറായി വിജയനെയും. അതുകൊണ്ട് എഴുതി ഇല്ലാതാക്കാനുമാകില്ല. ജനങ്ങൾക്കിടയിൽ ജീവിച്ച്, നാടിനുവേണ്ടി നിലകൊണ്ട്, പ്രക്ഷോഭങ്ങളുടെ അനുഭവക്കരുത്തുമായി നേതൃത്വത്തിലെത്തിയതാണെന്നും സീതാറാം യെച്ചൂരി അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനംചെയ്‌ത് അദ്ദേഹം പറഞ്ഞു.
1956ൽ അധികാരങ്ങളൊന്നുമില്ലാതെ രൂപീകരിച്ച ഇഡിക്ക് എല്ലാ അധികാരങ്ങളും എവിടെയും കയറി പരിശോധിക്കാനും കഴിയുംവിധം ചട്ടംഭേദഗതി ചെയ്‌തത് കോൺഗ്രസ് നേതാവ് പി ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെയാണ്. അതേ ചിദംബരത്തെ ഇഡി ജയിലിലിട്ടു. സോണിയാഗാന്ധിക്കെതിരെ ഇഡി കേസെടുത്തപ്പോൾ നാട്ടിലെങ്ങും അക്രമസമരം നടത്തുകയും സംഘപരിവാറിന്റെ രാഷ്‌ട്രീയ ആയുധമാണ് ഇഡി എന്നു പറയുകയുംചെയ്‌ത കോൺഗ്രസിന് കേരളത്തിലെ സിപിഐ എമ്മിനെതിരെ ഇഡി വരുമ്പോൾ നിലപാട് വേറെയാണ്. ബംഗാളിലെയും അസ്സമിലെയും കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി വന്നപ്പോൾ ലളിതമായ മാർഗത്തിലൂടെയാണ് നേരിട്ടത്. അവരൊക്കെ ബിജെപിയായി. കേസുമില്ലാതായി.
കരുവന്നൂർ ബാങ്കിലെ ക്രമക്കേടിന് ഉത്തരവാദികളായ സെക്രട്ടറിക്കും മാനേജർക്കുമെതിരെ കേസെടുത്ത് ജയിലയിടച്ചപ്പോഴാണ് ഇഡിയുടെ വരവ്. നേതാക്കൾക്കെതിരെ നിർബന്ധിപ്പിച്ച് മൊഴി നൽകിപ്പിച്ച് പ്രതികളെ മാപ്പുസാക്ഷികളാക്കി. സിപിഐ എം ജില്ലാ സെക്രട്ടറിമാരായിരുന്നവർ പ്രതികളാക്കിയെന്നു മാത്രമല്ല, പേരില്ലാതെ സിപിഐ എം ജില്ലാസെക്രട്ടറി എന്ന പേരിലും പ്രതിയുണ്ടായിരുന്നു. കെ വി അബ്ദുൾഖാദർ സെക്രട്ടറിയായപ്പോൾ അദ്ദേഹത്തെ ചേർത്തു. ഇതാണ് ഇഡി.
പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇഡി നീക്കവും ഇതാണ്. ആദ്യം പറഞ്ഞത് മൂന്ന് കോടിയെന്നാണ്. പിന്നീട് 20 കോടിയായി. ഇനി രണ്ടായിരം കോടിയാകുമോ എന്നറിയില്ല. സിപിഐ എം നേതാക്കൾക്കെതിരായ കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments