ലോറി ഡ്രൈവർ അറസ്റ്റിൽ
10,000 കിലോ റേഷനരി പിടികൂടി

തിരുവനന്തപുരം
ലൈസൻസില്ലാതെ ലോറിയിൽ കടത്തിയ 275 ചാക്ക് റേഷനരി പിടികൂടി. ഉള്ളൂർ ആക്കുളം റോഡിൽ ചൊവ്വ രാത്രി പതിനൊന്നരയോടെ മെഡിക്കൽ കോളേജ് പൊലീസാണ് ലോറി പിടികൂടിയത്. ലോറി ഡ്രൈവർ നെയ്യാറ്റിൻകര ഇരുമ്പിൽ പറയകോണം ആർ എൽ നിവാസിൽ രാജേന്ദ്രനെ (54) അറസ്റ്റ് ചെയ്തു. 275 ചാക്കുകളിലായി 10596 കിലോ റേഷനരിയാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അരി കൊണ്ടുപോകാൻ നിയമാനുസൃത ലൈസൻസോ അനുമതി പത്രമോ ഇല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ലോറി പിടികൂടി നന്ദാവനം എ ആർ ക്യാമ്പിലേക്കു മാറ്റി. എറണാകുളത്തേക്കാണ് കൊണ്ടുപോകുന്നതെന്നാണ് ഡ്രൈവർ പറഞ്ഞത്. ലോറിയിലുണ്ടായിരുന്ന അരി തിരുവനന്തപുരം സിറ്റി റേഷനിങ് ഓഫീസറുടെ (നോർത്ത്) നിർദേശാനുസരണം ചാല എൻഎഫ്എസ്എ ഗോഡൗണിൽ എത്തിച്ചു.









0 comments