എയറിലാണ്, ഇവരുടെ ജീവിതം

വിമാനത്തിൽനിന്ന് തൊഴിലാളികൾ ബാഗേജ് ഇറക്കുന്നു
പകിട്ടേറെയുണ്ട് വിമാനത്താവളങ്ങൾക്ക്. തിളങ്ങുന്ന നിലവും ശുചിത്വമുള്ള മുക്കും മൂലയും. കാണാൻ പക്കാ പ്രൊഫഷണൽ. എന്നാൽ ഇൗ പകിട്ടും പ്രൊഫഷണലിസവും നിലനിർത്താൻ പാടുപെടുന്ന തൊഴിലാളികൾക്ക് ദുരിതപൂർണമാണ് ജോലിയും ജീവിതവും. കരിപ്പൂർ വിമാനത്താവളത്തിന്റെ കെട്ടിലും മട്ടിലും മാറ്റങ്ങളേറെ വന്നെങ്കിലും തൊഴിലാളികളോടുള്ള സമീപനത്തിൽ ഒരുമാറ്റവും വന്നിട്ടില്ലെന്നതാണ് വാസ്‌തവം. തൊഴിലാളികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളിലേക്ക് ഒരന്വേഷണം. തയ്യാറാക്കിയത് ദേശാഭിമാനി കൊണ്ടോട്ടി ലേഖകൻ ബഷീർ അമ്പാട്ട്.
തൊഴിൽ സുരക്ഷിതത്വം പേരിനുപോലും ഇല്ലാത്തയിടമാണിന്ന് വിമാനത്താവളങ്ങൾ. വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിൽ വിവിധ കന്പനികളാണ് തൊഴിലാളികളെ നിയമിക്കുന്നത്. ശുചീകരണം, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, ബാഗേജുകൾ കൈകാര്യംചെയ്യൽ, എസ്കലേറ്റർ, ഇലക്ട്രിക്കൽ തുടങ്ങി വിവിധ മേഖലകളിലായി ആയിരത്തിലധികം തൊഴിലാളികളാണ് കരിപ്പൂർ വിമാനത്താവളത്തിൽ തൊഴിലെടുക്കുന്നത്. മുപ്പതും നാൽപ്പതും വർഷത്തിലധികമായി ജോലിചെയ്യുന്നവരടക്കം കൊടിയ ചൂഷണമാണ് നേരിടുന്നത്. തൊഴിൽ മേഖലകളിൽ പാലിക്കേണ്ട മര്യാദകളൊന്നും പാലിക്കാതെയാണ് തൊഴിൽദാതാക്കളായ മൂന്ന് സ്വകാര്യ കന്പനികളും ജോലിയെടുപ്പിക്കുന്നത്. നിയതമായ വേതനവ്യവസ്ഥകളോ അവകാശങ്ങളോ ഇവർക്ക് കിട്ടാക്കനിയാണ്. ജോലിക്കു ചേരുന്പോൾ പറയുന്ന വേതനം നൽകുന്നില്ലെന്നുമാത്രമല്ല, കൃത്യമായി കിട്ടുന്നില്ലെന്നതും തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. വല്ലപ്പോഴുമാണ് തൊഴിലാളികൾക്ക് അവധി നൽകുന്നതുപോലും. ആഴ്‌ചയിൽ ഒരു ഒഴിവ് കന്പനി അനുവദിച്ചിട്ടുണ്ടെങ്കിലും ഇതും കിട്ടാക്കനിയാണ്. വർഷത്തിൽ ഏഴ് ലീവാണ് വേതനത്തോടെ നിയമപ്രകാരം ഇവർക്ക് ലഭിക്കേണ്ടത്. അതും കിട്ടിയെങ്കിലായി. അസുഖങ്ങൾക്കും അവധിയില്ല. 58 വയസാണ് ജോലിയിൽ പ്രവേശിക്കുമ്പോൾ വിരമിക്കാനുള്ള പ്രായപരിധി നിശ്‌ചയിക്കുന്നതെങ്കിലും 45 വയസായവരെപ്പോലും കാരണമില്ലാതെ പിരിച്ചുവിടുകയാണ്. കന്പനികൾക്ക് കരാറുള്ള മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവളത്തിലേക്ക് സ്ഥലം മാറ്റുന്നതും പതിവാണ്. മാനദണ്ഡങ്ങളില്ലാതെ തൊഴിലാളികളെ സംസ്ഥാനത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലേക്കുപോലും സ്ഥലം മാറ്റുന്നു. തൊഴിൽ അവകാശനിഷേധത്തിനെതിരെ പ്രതികരിക്കുന്നവരെ പ്രതികാര നടപടികളുടെ ഭാഗമായാണ് സ്ഥലം മാറ്റുന്നത്. തൊഴിലിടങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കാനും കന്പനികൾ തയ്യാറല്ല. പല തട്ടുകളായാണ് തൊഴിലാളികളുടെ വേതനം. തുഛമായ വേതനത്തിനാണ് ഭൂരിഭാഗംപേരും തൊഴിലെടുക്കുന്നത്. കാലോചിതമായ ശമ്പള പരിഷ്‌കരണം നടപ്പാക്കാനും കന്പനികൾ തയ്യാറാവുന്നില്ല. അംഗീകരിച്ച ഡ്യൂട്ടി സമയം എട്ടുമണിക്കൂറാണെങ്കിലും പലപ്പോഴും അതു നീണ്ടുപോകും. കരാർ കമ്പനിക്കുകീഴിലുള്ള തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ എയർപോർട്ട് അതോറിറ്റി ഇടപെടാത്തതാണ് പ്രശ്‌നങ്ങൾ പലപ്പോഴും സങ്കീർണമാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ലേബർ കോഡ് കൂടി പൂർണമായും നടപ്പാകുന്പോൾ തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാകും. (അവസാനിക്കുന്നില്ല)










0 comments