ad
Deshabhimani

ന്യൂട്രി 
മണ്ണിന്റെ 
കുഞ്ഞൻ ഡോക്ടർ 

ഡോ. കവിത സന്തോഷും മകൻ അർജുനും ന്യൂട്രി ഉപകരണവുമായി

ഡോ. കവിത സന്തോഷും മകൻ അർജുനും ന്യൂട്രി ഉപകരണവുമായി

വെബ് ഡെസ്ക്

Published on Sep 11, 2026, 12:16 AM | 1 min read


ശരീര താപനില അളക്കാൻ തെർമോമീറ്റർ ഉപയോഗിക്കുന്നതുപോലെ മണ്ണിൽ ഇറക്കിവച്ചാൽ മണ്ണിന്റെ രഹസ്യങ്ങൾ അതിവേഗം ചോർത്തിത്തരുന്നൊരു കുഞ്ഞൻ യന്ത്രം, അതാണ്‌ ന്യൂട്രി. മണ്ണിന്റെ ഗുണമേന്മയറിഞ്ഞ്‌ വിത്തിറക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട. പരിശോധനയ്‌ക്കായി കൃഷിഭവനുകളിലേക്കും ലാബുകളിലേക്കും മണ്ണ്‌ സാമ്പിളുകൾകൊണ്ട്‌ ഓടിനടക്കണ്ടതുമില്ല. വീട്ടിൽത്തന്നെ സജ്ജമാക്കാം മണ്ണ്‌ ഡോക്ടറെ. കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിനടുത്തായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോട്ട പ്രിസിഷൻ അഗ്രികൾച്ചർ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സ്ഥാപനമാണ്‌ ന്യൂട്രി എന്ന പേരിൽ മണ്ണ് പരിശോധന ഉപകരണം വികസിപ്പിച്ചെടുത്തത്. ബയോടെക്നോളജി വിദഗ്ധയായ ഡോ. കവിത സന്തോഷും ഇൻഡസ്ട്രിയൽ എൻജിനിയറായ മകൻ അർജുനുമാണ്‌ പിന്നിലെ ബുദ്ധി കേന്ദ്രം. 2018ൽ ആരംഭിച്ച ഗവേഷണം ഏഴുവർഷത്തോളം എടുത്താണ്‌ പൂർത്തീകരിച്ചത്‌. ആദ്യകാലത്ത്‌ പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ഉപയോഗപ്പെടുത്തിയായിരുന്നു പരീക്ഷണങ്ങൾ. എന്നാൽ കൃത്യതയിൽ ഉറപ്പുനൽകാനാകാതെ വന്നതോടെ ആ ഉദ്യമം ഉപക്ഷേിച്ചു. പിന്നീട്‌ മണ്ണിനു വേണ്ട വളപ്രയോഗം സംബന്ധിച്ച വിവരങ്ങൾക്കുമാത്രം ഭാഗികമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ഉപയോഗപ്പെടുത്താം എന്ന്‌ തീരുമാനിക്കുകയായിരുന്നു. മണ്ണിൽ ഇറക്കി വച്ചാൽ വെറും രണ്ട് മിനിറ്റിൽ ‘ന്യൂട്രി’ ഫലം തരും. നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ്, ബോറോൺ, സിങ്ക് എന്നിങ്ങനെ ഒമ്പത്‌ ഘടകങ്ങളുടെ സാന്നിധ്യവും മണ്ണിന്റെ പിഎച്ച് മൂല്യം, വൈദ്യുത ചാലകത, ഈർപ്പം എന്നിവയും കൃത്യമായി അളക്കാൻ ന്യൂ‍ട്രി മതി. ന്യൂട്രി എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ പരിശോധനാ വിവരങ്ങൾ ഫോണിൽ ലഭ്യമാക്കുന്നതാണ്‌ പ്രവർത്തനരീതി. ഏകദേശം 30,000 രൂപ വില വരുന്ന ഉപകരണത്തിന് കേരള കാർഷിക സർവകലാശാലയുടെ അംഗീകാരവുമുണ്ട്. മണ്ണിനെ തൊട്ടറിഞ്ഞ്, അതിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് കൃഷി ചെയ്യുമ്പോൾ നൂറുമേനി വിളയിക്കാനാകുമെന്ന തിരിച്ചറിവിലാണ്‌ ന്യൂട്രിയുമായി ഗവേഷകർ മുന്നോട്ടുപോകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home