ad
Deshabhimani

ഇന്ത്യ - അമേരിക്ക വ്യാപാര കരാർ; കാർഷിക മേഖലയുടെ ഭാവി തകർക്കും

Farmers protest

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 26, 2026, 05:20 PM | 2 min read

ന്യൂഡൽഹി : അമേരിക്കൻ താല്പര്യങ്ങൾക്ക് രാജ്യത്തിന്റെ കാർഷിക മേഖലയെ തീറെഴുതി കൊടുക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യത്ത് കർഷക പ്രക്ഷോഭം തുടരുകയാണ്. രാജ്യത്തെ കാർഷിക വിപണി അമേരിക്കൻ വൻകിട കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കുന്ന ഇന്ത്യ - യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനെതിരെയാണ് കർഷകർ വീണ്ടും തെരുവിലറങ്ങിയിരിക്കുന്നത്.


ഇന്ത്യയും യുഎസും കരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെങ്കിലും അമേരിക്കയിൽ നിന്ന് തീരുവ കുറച്ച് കാർഷിക ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. കാർഷിക മേഖലയിലൂന്നിയുള്ള ഒരു സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ രാജ്യത്തെ കർഷകരെ ആശങ്കയിലാഴ്ത്തുന്ന വിഷയമാണിത്. ഈ കരാർ പ്രാബല്യത്തിൽ വന്നാൽ ഉയർന്ന സബ്സിഡിയുള്ള അമേരിക്കയിൽ നിന്നുള്ള കാർഷിക ഉല്പന്നങ്ങളുമായി രാജ്യത്തെ കർഷകർക്ക് മത്സരിക്കേണ്ടി വരും.


ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു ഉഭയകക്ഷി വ്യാപാര കരാറിന് ഇന്ത്യയും അമേരിക്കയും തയ്യാറായത്. ഉഭയകക്ഷി കരാർ എന്നാൽ രണ്ട് രാജ്യങ്ങളും നികുതികളും മറ്റ് വ്യാപാര തടസങ്ങളും കുറയ്ക്കാൻ സമ്മതിക്കുന്ന കരാറാണ്.


എന്നാൽ ഈ കരാറിൽ ഏർപ്പെട്ടു കഴിഞ്ഞാൽ നികുതിയിളവുകളൊന്നും തന്നെ പഴയപടിയാക്കുന്നത് എളുപ്പമായിരിക്കില്ല. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് വില കുറഞ്ഞ അമേരിക്കൻ കാർഷിക ഉല്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്കെത്തുമെന്നും രാജ്യത്തെ കർഷകർക്ക് ആശങ്കയുണ്ട്. അത് ഭാവിയിൽ ആഭ്യന്തര കാർഷിക ഉല്പന്നങ്ങൾക്ക് വിപണിയില്ലാതാക്കും.


അമേരിക്കയിലെ ആയിരക്കണക്കിന് ഏക്കർ വിസ്തൃതിയുള്ള ഫാമുകളിൽ വിളയുന്ന കാർഷിക ഉല്പന്നങ്ങൾക്ക് സർക്കാരിൽ നിന്ന് തന്നെ ​ഗണ്യമായ സബ്സിഡി ലഭിക്കുന്നുണ്ട്. ഇതിനു വിപരീതമായി ഏകദേശം രണ്ട് മുതൽ മൂന്ന് ഏക്കർ വരെയുള്ള ചെറിയ ഭൂമിയിൽ കൃഷി ചെയ്യുന്ന രാജ്യത്തെ കർഷകർക്ക് കുറഞ്ഞ സാമ്പത്തിക സഹായമേ ലഭിക്കുന്നുള്ളു. സബ്സിഡിയുള്ള അമേരിക്കൻ ഇറക്കുമതി ഉല്പന്നങ്ങളുമായി മത്സരിക്കുന്നത് രാജ്യത്തെ കർഷകർക്ക് സാധിക്കുന്ന കാര്യമല്ല.


ഇന്ത്യ - യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ അന്തിമ രൂപരേഖകൾ പരസ്യമല്ലെങ്കിലും നിരവധി അമേരിക്കൻ കാർഷിക ഉല്പന്നങ്ങൾ വിപണിയിലെത്തും. കന്നുകാലി തീറ്റയായി സാധാരണയായി ഉപയോ​ഗിക്കുന്ന എഥനോളിന്റെ ഉപോല്പന്നമായ ഡ്രൈഡ് ഡിസ്റ്റിലേഴ്സ് ​ഗ്രെയിൻസ് (ഡിഡിജി) ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ചുവന്ന സോർ​ഗം മില്ലറ്റ്, സോയാബീൻ ഓയിൽ, സംസ്കരിച്ച പഴവർ​ഗങ്ങൾ എന്നിവയും ഉൾപ്പെടുന്നു. പാൽ, കോഴി, ​ഗോതമ്പ്, അരി, പഞ്ചസാ, സോയാബീൻ തുടങ്ങിയ കാർഷിക ഉല്പന്നങ്ങളെയും കാലക്രമേണ കരാർ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.


രാജ്യത്തെ കാർഷിക മേഖലയെയും അനുബന്ധ മേഖലകളെയും വിദേശ ഉല്പന്നങ്ങളുമായി മത്സരത്തിന് തുറന്നു കൊടുക്കുന്ന നിർദ്ദിഷ്ട കരാറിലെ എല്ലാ വ്യവസ്ഥകളും കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്. കൂടാതെ ചർച്ചകളിൽ കൂടുതൽ സുതാര്യത വേണമെന്നും കർഷകർ പറയുന്നു. രാജ്യത്തെ കർഷകരുടെ ആശങ്കകൾ അവഗണിച്ച് കാർഷിക സുരക്ഷാ സംവിധാനങ്ങളില്ലാതെ കരാർ മുന്നോട്ട് പോയാൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home