ad
Deshabhimani

വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട പോസ്റ്റ്; പേളിക്ക് നഷ്ടമായത് മൂന്ന് ലക്ഷം ഫോളോവേഴ്സ്

PEARLE MAANEY
വെബ് ഡെസ്ക്

Published on Jul 26, 2026, 06:17 PM | 1 min read

കൊച്ചി: വിദ്യാർഥി-യുവജന പ്രക്ഷോഭത്തെക്കുറിച്ചുള്ള പ്രതികരണത്തിന് പിന്നാലെ നടിയും അവതാരകയുമായ പേളി മാണിക്ക് സമൂഹമാധ്യമങ്ങളിൽ കനത്ത തിരിച്ചടി. രണ്ട് ദിവസത്തിനിടെ ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് നഷ്ടപ്പെട്ടത്. യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ഫോളോവർമാരുടെ എണ്ണത്തിൽ കുറവുണ്ടായതായും റിപ്പോർട്ടുണ്ട്.


ജൂലൈ 24ന് വിദ്യാർഥി സമരത്തെക്കുറിച്ച് പോസ്റ്റ് പങ്കുവയ്ക്കുമ്പോൾ പേളിക്ക് ഇൻസ്റ്റഗ്രാമിൽ ഏകദേശം 57 ലക്ഷം ഫോളോവേഴ്സുണ്ടായിരുന്നു. നിലവിൽ ഇത് 54 ലക്ഷമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. വിമർശനം ശക്തമായതോടെ പോസ്റ്റിന്റെ കമന്റും പേളി ഓഫ് ചെയ്തിരുന്നു.


ആരും അപകടത്തിലാകരുതെന്നും ജീവന് ഭീഷണിയുണ്ടെങ്കിൽ വീട്ടിലേക്ക് മടങ്ങണമെന്നും പേളി കുറിച്ചിരുന്നു. പ്രക്ഷോഭം വലുതാകുമ്പോൾ വ്യത്യസ്ത ശബ്ദങ്ങൾ ഉയരുമെന്നും അതിനിടെ സമരത്തിന്റെ യഥാർഥ ലക്ഷ്യം മറഞ്ഞുപോകരുതെന്നുമായിരുന്നു മറ്റൊരു പരാമർശം.


എന്നാൽ പൊലീസ് അതിക്രമത്തിനിരയായ വിദ്യാർഥികളോട് സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നത് ശരിയല്ലെന്ന വിമർശനമുയർന്നു. വിദ്യാർഥികൾക്ക് പിന്തുണയെന്ന പേരിൽ പ്രക്ഷോഭത്തിൽനിന്ന് പിന്മാറാൻ ഉപദേശിക്കുന്നത് പേളിയുടെ നിലപാടിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുയർത്തുന്നതായും നിരവധി പേർ അഭിപ്രായപ്പെട്ടു.


ആയുധവും അധികാരവും കൈവശമുള്ളവരെ ഭയന്ന് പിന്മാറിയിരുന്നെങ്കിൽ ചരിത്രത്തിലെ ഒരു ജനകീയ പോരാട്ടവും വിജയിക്കില്ലായിരുന്നു. അത്തരമൊരു സമീപനം സ്വീകരിച്ചാൽ പ്രതിഷേധിക്കാനുള്ള അവകാശംപോലും നഷ്ടപ്പെടുമെന്നും വിമർശകർ ചൂണ്ടിക്കാട്ടി.


പോസ്റ്റിന് “കമന്റ് വിഭാഗം എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്” എന്ന അടിക്കുറിപ്പ് നൽകിയശേഷം കമന്റുകൾ ഓഫ് ചെയ്തതും പരിഹാസത്തിനിടയാക്കി.


വിമർശനം ശക്തമായതിന് പിന്നാലെ സംവിധായകൻ സിബി മലയിലിനെ പരോക്ഷമായി പരിഹസിക്കുന്ന കുറിപ്പും പേളി പങ്കുവച്ചതായി റിപ്പോർട്ടുണ്ട്. തന്റെ പോസ്റ്റ് ചിലരെ അസ്വസ്ഥരാക്കിയെന്നും സമാധാനവും സുരക്ഷയും അക്രമരാഹിത്യവും ആവശ്യപ്പെട്ടതിനാണ് വിമർശനമെന്നും അവർ പറഞ്ഞു. തന്റെ നാല് പേജുള്ള പോസ്റ്റിനെക്കുറിച്ച് പരാജയപ്പെട്ട സംവിധായകൻ പത്ത് പേജുള്ള തിരക്കഥ എഴുതുകയാണെന്നും പേളി പരിഹസിച്ചു.


ഇതിന് മറുപടിയുമായി സിബി മലയിലിന്റെ മകൻ ജോ രംഗത്തെത്തി. പേളി ഉദ്ദേശിച്ചത് തന്റെ പിതാവിനെയാണെന്നും വിമർശനത്തെ നേരിടാതെ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടക്കുകയാണെന്നും ജോ പ്രതികരിച്ചു. വിദ്യാർഥി സമരത്തെക്കുറിച്ചുള്ള പേളിയുടെ നിലപാടിനെയും അദ്ദേഹം നേരത്തേ വിമർശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home