ad
Deshabhimani

കൈരളി സലാല വി എസ് അച്യുതാനന്ദൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

kairali salala
വെബ് ഡെസ്ക്

Published on Jul 26, 2026, 05:56 PM | 2 min read

സലാല: കേരള രാഷ്ട്രീയത്തിന്റെ പകരം വെക്കാനില്ലാത്ത വിപ്ലവ നേതാവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നായകനുമായിരുന്ന വി എസ് അച്യുതാനന്ദന്റെ സ്മരണാർത്ഥം കൈരളി സലാലയുടെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കൈരളി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസികളായ നിരവധി പേർ പങ്കെടുത്തു.

കൈരളി സലാല ആക്റ്റിംഗ് പ്രസിഡന്റ് രാജേഷ് പിണറായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കൈരളി സലാല കേന്ദ്ര കമ്മിറ്റിയംഗവും ഗൾഫ് ദേശാഭിമാനി ലേഖകനും, കൈരളി ടിവി റിപ്പോർട്ടറുമായ കെ എ റഹിം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കവെ കെ എ റഹിം രാജ്യത്തെയും സംസ്ഥാനത്തെയും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ രൂക്ഷമായി വിമർശിച്ചു. ഫെഡറൽ സംവിധാനത്തിന് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) രൂപീകരിച്ചതെന്നും, നീറ്റ് പരീക്ഷാ നടത്തിപ്പിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എൻ ടി എയിലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷാ നടത്തിപ്പിന്റെ അധികാരം സംസ്ഥാനങ്ങൾക്ക് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾ അത്യന്താപേക്ഷിതമാണെന്നും ചൂണ്ടിക്കാണിച്ചു. കേരളത്തിൽ രണ്ട് മാസമായി അധികാരത്തിലുള്ള കോൺഗ്രസ് സർക്കാർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും, തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായി മറന്ന യു ഡി എഫ് നേതൃത്വം പാവ സർക്കാരായി മാറിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വി ഡി സതീശന്റെ നേതൃത്വത്തിൽ കോൺഗ്രസും ലീഗും ജനങ്ങളെ വഞ്ചിക്കുകയാണെന്നും, ബി ജെ പിയുടെ സ്വാധീനത്തിന് വഴങ്ങി ഉത്തരംമുട്ടിയ നിലയിലാണ് കോൺഗ്രസ് മുന്നണികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ചരിത്രപ്രധാനമായ സി ജെ പി യുടെ സമര വിജയവും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

ചടങ്ങിൽ കൈരളി സലാല രക്ഷാധികാരി അംബുജാക്ഷൻ മയിൽ, സെക്രട്ടറിയേറ്റ് അംഗം അജോയ് ചാഴൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വി എസ് അച്യുതാനന്ദന്റെ മാതൃകാപരമായ ജീവിതവും സമരസന്ധികളും യോഗത്തിൽ സംസാരിച്ച വക്താക്കൾ വിശദീകരിച്ചു. ചടങ്ങിന് ജനറൽ സെക്രട്ടറി ലിജോ ലാസർ സ്വാഗതവും വനിതാ വിഭാഗം പ്രസിഡന്റ് ഷെമീന അൻസാരി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home