ചരിത്രം കുറിച്ച് അനഹത് സിങ്; ലോക ജൂനിയർ സ്‌ക്വാഷിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

അനഹത് സിങ്| Photo:ANI
ന്യൂഡൽഹി : ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി അനഹത് സിങ്. ന്യൂഡൽഹിയിൽ നടന്ന ലോക സ്‌ക്വാഷ് ജൂനിയർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം കലാശപ്പോരാട്ടത്തിൽ ഈജിപ്തിന്റെ റുഖയ്യ സലീമിനെ കീഴടക്കിയാണ് പതിനെട്ടുകാരിയായ അനാഹത് കിരീടത്തിൽ മുത്തമിട്ടത്.
ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ലോക 20-ാം നമ്പർ താരവും ടൂർണമെന്റിലെ ഒന്നാം സീഡുമായ അനാഹതിന്റെ വിജയം. സ്കോർ: 11-3, 11-7, 11-9. കഴിഞ്ഞ വർഷം സെമിഫൈനലിൽ പുറത്തായി വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഡൽഹി സ്വദേശിയായ അനാഹതിന് ജൂനിയർ സർക്യൂട്ടിലെ തന്റെ അവസാന വർഷത്തിലാണ് ഈ സ്വപ്നനേട്ടം കൈവരിക്കാനായത്.
ഇതൊരു സ്വപ്നം പോലെ തോന്നുന്നു, എനിക്ക് വാക്കുകളിലൊതുക്കാൻ കഴിയാത്ത സന്തോഷമുണ്ട്, വിജയത്തിന് ശേഷം അനഹത് പ്രതികരിച്ചു. കഴിഞ്ഞ നാല് വർഷമായി ക്വാർട്ടറിലും സെമിയിലുമായി പുറത്താകുന്നതിലെ നിരാശ മറികടന്ന് അവസാന അവസരത്തിൽ കിരീടം നേടാനായത് ഏറെ വിലമതിക്കാനാവാത്തതാണെന്നും അനഹത് കൂട്ടിച്ചേർത്തു.
ഇന്ത്യൻ സ്‌ക്വാഷിന് ഇത് ചരിത്ര നിമിഷമാണെന്ന് സ്‌ക്വാഷ് റാക്കറ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ സൈറസ് പോഞ്ച പ്രതികരിച്ചു. വ്യക്തിഗത വിഭാഗത്തിൽ ഒരു ലോക ചാമ്പ്യൻ വേണമെന്നത് ഇന്ത്യൻ സ്‌ക്വാഷിന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്നും അനഹതിലൂടെ അത് സാക്ഷാത്കരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.









0 comments